ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ‘പൂതന’ പരാമര്‍ശം നടത്തിയ മന്ത്രി ജി സുധാകരന് മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ത്രീകളെ അപമാനിക്കുക എന്നത് സിപിഎമ്മിന്റെ ഫാഷനായിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. സ്ത്രീകളെ അപമാനിക്കുന്നത് സിപിഎം നേതാക്കള്‍ പതിവാക്കിയിട്ടും അതിനെതിരെ മുഖ്യമന്ത്രി ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
മന്ത്രി സുധാകരന്റെ ‘പൂതന’ പ്രയോഗത്തിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും രംഗത്ത് എത്തിയിരുന്നു. സ്ത്രീ ശാക്തീകരണത്തിനായി വനിതാ മതില് കെട്ടിയ പാര്‍ട്ടിയിലെ മന്ത്രിയുടെ ‘പൂതന’ പ്രയോഗം സിപിഎമ്മിന്റെ അധമ രാഷ്ട്രീയത്തിന്റെ വികൃതമായ പ്രതിഫലനമാണെന്ന് സുധീരന് പറഞ്ഞു.
പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന വിവാദ പരാമര്‍ശമാണ് മന്ത്രി ജി സുധാകരന് നടത്തിയത്. കള്ളം പറഞ്ഞും മുതലക്കണ്ണീര് ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. തൈക്കാട്ടുശേരിയില്‍ നടന്ന കുടുംബ യോഗത്തിനിടയിലായിരുന്നു ഈ പരാമര്‍ശം നടത്തിയത്.
മുന്‍പും ഇത്തരത്തില്‍ വിവാദ പ്രസ്താവനകള്‍ ജി സുധാകരന് നടത്തിയിട്ടുണ്ട് . കീഴാറ്റൂരില്‍ ബൈപാസിനെതിരെ സമരം നടത്തുന്നവര്‍ വയല്‍ക്കിളികളല്ല വയല്ക്കഴുകന്മാരാണെന്നും ,ലോകബാങ്ക് സീനിയര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സ്പെഷ്യലിസ്റ് ഡോക്ടര്‍ ബെര്‍ണാഡ് അരിറ്റുവ നീഗ്രോയാണെന്നും , അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കുന്നുവെന്നും സുധാകരന് പറഞ്ഞിരുന്നു .