കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ പോലീസ് കുരുക്ക് മുറുക്കുന്നു. കഴിഞ്ഞ ദിവസം ജോളിയെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. തെളിവെടുപ്പില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. അതേസമയം, സംസ്ഥാന പോലീസ് മേധാവി ഇന്ന് വടകരയിലെത്തും.
ആറു പേരുടെ കൂട്ടക്കൊല നടന്ന കൂടത്തായി കൊലപാതക പരമ്പര നിര്‍ണായക ഘട്ടത്തിലേക്ക്. കഴിഞ്ഞ ദിവസം പോലീസ് പ്രതികളെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇതോടൊപ്പം പരമാവധി തെളിവുകളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കൂടാതെ ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
കൃത്യമായ തെളിവുകളും വിവരങ്ങളും ശേഖരിച്ച് അതീവ രഹസ്യമായാണ് പോലീസിന്റെ അന്വേഷണം. ഓരോ ദിവസത്തെ അന്വേഷണത്തിന്റെയും പുരോഗതി വിലയിരുത്തിയാണ് പോലീസ് മുന്നോട്ടു പോകുന്നത്. അറസ്റ്റിലായ മൂന്നു പ്രതികളെ ആറു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരുന്നു തെളിവെടുപ്പ് നടത്തിയത്.
അതേസമയം, ഇടുക്കി, കോയമ്പത്തൂര്‍ തുടങ്ങിയ ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പ്രതികളെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. നിലവില്‍ തെളിവുകളുടെ അഭാവമാണ് അന്വേഷണത്തില്‍ നേരിടുന്ന പ്രതിസന്ധി. ആറു കൊലപാതകങ്ങളിലും നേരിട്ട് പങ്കുള്ളതായി മുഖ്യപ്രതി ജോളി സമ്മതിച്ചിട്ടുണ്ട്. ഇവരെ ആരെല്ലാം സഹായിച്ചു, കൊലപാതകത്തിനു പിന്നില്‍ മറ്റാരുടെയെങ്കിലും സഹായങ്ങള്‍ ലഭിച്ചോ തുടങ്ങിയ കാര്യങ്ങളും വരും ദിവസങ്ങളിലെ അന്വേഷണത്തില്‍ വരും.
കൂടാതെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് നിര്‍മ്മിച്ചതും എന്‍ഐടിയുടെ പേരില്‍ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് നിര്‍മ്മിച്ചതും ഉള്‍പ്പെടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അന്വേഷിക്കും