ന്യൂഡല്‍ഹി|: സര്‍ക്കാര്‍ വിവരങ്ങള്‍ പൊതുജനമധ്യത്തില്‍ കൊണ്ടുവരുന്നതിനായി പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അതുവഴി വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുമെന്നും അമിത് ഷാ പറഞ്ഞു.
വിവരാവകാശ നിയമം ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അടുപ്പം കുറയ്ക്കുകയും അവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെന്ന് അമിത്ഷാ ചൂണ്ടിക്കാട്ടി. കേന്ദ്ര വിവര കമ്മീഷന്റെ (സിഐസി) പതിനാലാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ മുഖ്യാതിഥി ആയി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ.
വിവരാവകാശ നിയമം തയ്യാറാക്കുമ്പോള്‍ തന്നെ അതിന്റെ ദുരുപയോഗത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു, എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ അതിന്റെ ദുരുപയോഗത്തെ മറികടന്നതായും അമിത്ഷാ വ്യക്തമാക്കി.
മോദി സര്‍ക്കാര്‍ അവതരിപ്പിച്ച വിവിധ പദ്ധതികളുടെ വിവരങ്ങള്‍ സാധാരണക്കാരായ ഗുണഭോക്താക്കള്‍ക്ക് പോലും ലഭിക്കത്തക്ക രീതിയില്‍ ഓണ്‍ലൈനില്‍ ലഭ്യമായിരുന്നു. പദ്ധതിയെക്കുറിച്ചും അവ നടപ്പിലാക്കുന്നതിനെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാകാന്‍ ഇത് പൊതുജനങ്ങളെ സഹായിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
വിവരാവകാശ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന്റെ ആവശ്യകത കുറയ്ക്കുന്നതിനായി പരമാവധി വിവരങ്ങള്‍ പൊതുസമൂഹത്തിന് ലഭ്യമാകണം. ഇതിനായി സര്‍ക്കാര്‍ അടിസ്ഥാന സാങ്കേതിക സൗകര്യം നടപ്പിലാക്കുമെന്നും അമിത്ഷാ പറഞ്ഞു.