മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുടെ ഇന്ത്യയിലേയും ബ്രിട്ടനിലേയും സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ മേമന് ഇക്ബാല്‍ മുഹമ്മദ് ഏലിയാസ് മിര്‍ച്ചിയുടെ സ്വത്ത് വിവരങ്ങളെ കുറിച്ചുളള വിവരമാണ് എന്‍ഫോഴ്സ്മെന്റിന് ലഭിച്ചത്.
കള്ളപണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ രണ്ടു പേരെ ചോദ്യം ചെയ്യുന്നതിനിടെയാണ് വിവരം ലഭിച്ചതെന്നാണ് ഇഡി അറിയിച്ചത്. ഇതോടെ 200 കോടിയുടെ കള്ളപണ കേസില്‍ രണ്ടു പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളും ഉള്‍പ്പെട്ടതായി ഇഡിക്ക് വിവരം ലഭിച്ചു.
1986-ല്‍ സര് മുഹമ്മദ് യൂസഫ് ട്രസ്റ്റിന്റെ വോളിയിലെ മൂന്നു കെട്ടിടങ്ങള്‍ റോക്സൈഡ് എന്റര്‍പ്രൈസ് കമ്പനി വഴി മിര്‍ച്ചി 6.5 ലക്ഷത്തിന് വാങ്ങിച്ചിരുന്നു. സീ വ്യൂ, മറിയം ലോഡ്ജ്, റാബിയ മാന്ഷന് എന്നിവയാണ് മൂന്നു കെട്ടിടങ്ങള്‍. 2010-ല്‍ ഈ മൂന്നു കെട്ടിടങ്ങളും 225 കോടിക്കാണ് വിറ്റത്. തുടര്‍ന്ന് ദുബായില്‍ ഒരു പഞ്ച നക്ഷത്ര ഹോട്ടല്‍ സംഘം സ്വന്തമാക്കിയെന്നും എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
12-ഓളം കൊലപാതകങ്ങള്‍, ക്രിമിനല്‍ ബ്ലാക്മെയിലിങ്, കൊള്ള, മയക്കുമരുന്നു കടത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയാണ് മിര്‍ച്ചി.എന്നാല്‍ 1993-ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇദ്ദേഹം പ്രതിയായിരുന്നില്ല. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് മിര്‍ച്ചി ലണ്ടനിലേക്ക് പലായനം ചെയ്തത്. തുടര്‍ന്ന് 2013-ലാണ് മിര്‍ച്ചി മരിക്കുന്നത്.
അതേസമയം മിര്‍ച്ചിയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശത്തും അന്വേഷണം നടത്തും. കൂടാതെ ലണ്ടന്‍, അറേബ്യ, സൈപ്രസ്, സ്പെയിന്, മോറോക്കോ, തുര്‍ക്കി എന്നിവിടങ്ങളിലും അന്വേഷണം വ്യാപകമാക്കുമെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
1995-ല്‍ സ്കോട്ട് ലാന്‍ഡ് യാര്‍ഡാണ് മയക്കുമരുന്നു കടത്ത് കേസില്‍ മിര്‍ച്ചിയുടെ വീട് റെയ്ഡ് ചെയ്യുന്നത്. തുടര്‍ന്ന് ഭീകരവാദികള്‍ക്ക് സഹായം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് മിര്‍ച്ചിയെ അറസ്റ്റ് ചെയ്തത്. പിന്നീട് 2012-ല്‍ മരുമകന്റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ് ചെയ്തെങ്കിലും വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇയാളെ വെറുതെ വിടുകയായിരുന്നു.