കൊച്ചി: ഏത് വെല്ലുവിളികളും ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷറ്റോരി. എടികെ വളരെ മികച്ച ടീമാണ്. ഇന്ത്യയിൽ മറ്റ് ടീമുകളെപ്പറ്റിയുള്ള വിവരങ്ങൾ അറിയാൻ എളുപ്പമല്ല. എന്റെ അറിവിൽ അവർ ലീഗിലെ മികച്ച ടീമുകളിൽ ഒന്നാണെന്നും ഷറ്റോരി പറഞ്ഞു. ആദ്യ മത്സരത്തിന് മുന്നോടിയായി കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമുക്കൊരു മികച്ച ടീമുണ്ട്, നമുക്ക് മികച്ച വിദേശതാരങ്ങളുണ്ട്. പ്രീസീസൺ ഞാൻ ആഗ്രഹച്ചതുപോലെ നടന്നില്ല. കൃത്യമായ തയ്യാറെടുപ്പ് നടത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. ചില വിദേശ താരങ്ങളും പരിക്കിലാണ്. സന്ദേശ് ജിങ്കൻ അടക്കമുള്ളവരുടെ പരിക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. മുംബൈ സിറ്റി എഫ്‌സി താരം രാജു ഗെയ്ക്വാദ് സന്ദേശ് ജിങ്കന് പകരക്കാരനായി ടീമിലെത്തും.
മൊത്തത്തിൽ ടീമിന്റെ അന്തരീക്ഷം നല്ലതാണ്. ആദ്യമത്സരങ്ങൾ എപ്പോഴും കഠിനമായിരിക്കും. വലിയ പ്രതീക്ഷകളുണ്ടാകും.അത് കളിയുടെ ഭാഗമാണ്. ടീമിന്റെ സ്ഥിരതയാണ് പ്രധാനം. എടികെയെ എതിരിടാൻ ഞങ്ങൾ തയ്യാറാണ്.
എടികെ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരളബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകൾക്കാണ് കൂടുതൽ കോച്ചുകൾ ഉണ്ടായിട്ടുള്ളത്. ഇത് സ്ഥിരതയെ സംബന്ധിച്ചതാണ്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി എന്റെ ബന്ധം വളരെ നല്ലതാണെന്നും ഷറ്റോരി പറഞ്ഞു.















