റാഞ്ചി: മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ തീരുമാനിച്ച നായകന്‍ വിരാട് കോഹ്‌ലിയെ കാത്തിരുന്നത് പുതിയ റെക്കോര്‍ഡ്. എതിര്‍ ടീമിനെ ഏറ്റവും കൂടുതല്‍ തവണ ഫോളോ ഓണ്‍ ചെയ്യിച്ച ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡിനാണ് വിരാട് കോഹ്‌ലി അര്‍ഹനായിരിക്കുന്നത്.
എട്ട് തവണ എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിച്ച കോഹ്‌ലി മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്റെ (7) റെക്കോര്‍ഡാണ് തിരുത്തിക്കുറിച്ചത്. മൂന്നാം ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയ ശേഷം ആദ്യ ഇന്നിംഗ്സില്‍ 162 റണ്‍സിന് ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഓള്‍ ഔട്ട് ആക്കിയിരുന്നു. തുടര്‍ന്ന് സന്ദര്‍ശകരെ ഫോളോ ഓണിന് അയക്കാനായിരുന്നു കോഹ്‌ലിയുടെ തീരുമാനം.
നിലവില്‍ മൂന്നാം ടെസ്റ്റും വിജയിച്ച ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ്. ദക്ഷിണാഫ്രിക്കക്കെതിരായ വിജയത്തിലൂടെ സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ 11ാം ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.
നേരത്തെ, മുന്‍ ഇന്ത്യന്‍ നായകന്‍മാരായ മഹേന്ദ്ര സിംഗ് ധോണി 5 തവണയും സൗരവ് ഗാംഗുലി 4 തവണയും എതിര്‍ ടീമിനെ ഫോളോ ഓണ്‍ ചെയ്യിച്ചിട്ടുണ്ട്.















