ജനം ടീവിയും, അജ്മാൻ മലയാളിസമാജവും,അജ്മാൻ ഇൻഡ്യൻ അസോസിയേഷനും ചേർന്നൊരുക്കുന്ന വർണ്ണമയൂരം ഫിലിം ആൻഡ് കൾച്ചറൽ ഫെസ്റ്റ് ഒക്ടോബർ 25 വെള്ളിയാഴ്ച്ച അജ്മാൻ ഇൻഡ്യൻ അസോസിയേഷൻ ഹാളിൽ അരങ്ങേറും. തിരഞ്ഞെടുത്ത 28 ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം.
മലയാളത്തിന്റെ അഭിനയചക്രവർത്തി ഭരത് ബാലൻ കെ നായരുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ജനം വർണ്ണമയൂരം ഫിലിം ആൻഡ് കൾച്ചറൽ ഫെസ്റ്റിൽ വിശിഷ്ടാതിഥിയായെത്തുന്നത് ബാലൻ കെ നായരുടെ മകനും ചലച്ചിത്ര താരവുമായ മേഘനാഥനാണ് . മികച്ച ഹ്രസ്വചിത്രം, മികച്ച സംവിധായകൻ, അഭിനേതാവ് തുടങ്ങി 25 ഓളം വിഭാഗങ്ങളിൽ ഉള്ള അവാർഡുകൾ വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനിക്കും .തുടർന്ന് യു എ ഇ യിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളും ഉണ്ടാകും . ജനം ടി വിയും, അജ്മാൻ മലയാളിഅസോസിയേഷനും, അജ്മാൻ ഇന്ത്യൻ അസോസിയേഷനും സംയുക്തമായാണ് വർണ്ണമയൂരം സംഘടിപ്പിക്കുന്നത്.
രാവിലെ 9മണി മുതൽ രാത്രി 9വരെ നീളുന്ന പരിപാടിയിൽ 2018 ന് ശേഷം റിലീസ് ചെയ്ത ആയിരത്തോളം ഹ്രസ്വ ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 28 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ജോഷി മംഗലത്ത്, മേഘനാഥൻ, രമേശ് പയ്യന്നൂർ എന്നിവരാണ് ജൂറി അംഗങ്ങൾ. ഹ്രസ്വ ചിത്രങ്ങൾ കാണാൻ ഉൾപ്പടെ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.