കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കന്നിയങ്കത്തിനിറങ്ങിയ ഹൈദരാബാദിനെ ഗോൾമഴയിൽ മുക്കി എടികെ. എതിരില്ലാത്ത അഞ്ച് ഗോളിനാണ് എടികെയുടെ ജയം. ഇരട്ടഗോളുകള്‍ വീതം നേടിയ ഡേവിഡ് വില്ല്യംസും (25, 44), പകരക്കാരനായി ഇറങ്ങിയ എഡു ഗാര്‍ഷ്യയുമാണ് (88, 90+4), എടിക്കെയ്ക്കു വന്‍ ജയം നേടിക്കൊടുത്തത്. മറ്റൊരു ഗോള്‍ റോയ് കൃഷ്ണയുടെ (27) വകയായിരുന്നു.
ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് തോൽവിയേറ്റുവാങ്ങേണ്ടി വന്ന എടികെയ്ക്ക് വിജയവഴിയിൽ തിരിച്ചെത്താനായത് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. എന്നാൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ വൻ തോൽവിയേറ്റുവാങ്ങേണ്ടി വന്ന ഹൈദരാബാദിന് മുന്നിൽ ഇനിയുള്ളത് വലിയ കടമ്പകളാണ്.
ഹൈദരാബാദിന്റെ അടുത്ത മത്സരം മികച്ച ഫോമിലുള്ള കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ്. മുംബൈ സിറ്റി എഫ്സിയോടേറ്റ തോൽവിയിൽ നിന്ന് വിജയവഴിയിൽ തിരിച്ചെത്താനിറങ്ങുന്ന കേരളത്തിന്റെ കൊമ്പൻമാരെ പിടിച്ചുകെട്ടുകയെന്നത് അത്ര എളുപ്പമാവില്ല. നവംബർ രണ്ടിന് ഹൈദരാബാദിലാണ് മത്സരം.















