വിഴിഞ്ഞം: തിരുവനന്തപുരത്ത് ബൈക്ക് റൈസിങ്ങ് നടത്തിയ 22 അംഗ സംഘത്തെ പോലീസ് പിടികൂടി. കോവളം-മുക്കോല ബൈപ്പാസിന്റെ കല്ലുവെട്ടാന്‍ കുഴിഭാഗത്ത് നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. വിഴിഞ്ഞം പോലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഈ ഭാഗങ്ങളില്‍ ബൈക്ക് റൈസിങ്ങ് സംഘങ്ങള്‍ സജീവമാണെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
വിഴിഞ്ഞം പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.ബി. പ്രവീണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കോവളം- വിഴിഞ്ഞം പൊലീസ് അതിര്‍ത്തികളില്‍ വരുന്ന റോഡിലാണ് ബൈക്കുകളുടെ അഭ്യാസപ്രകടനം. ഇവിടെ പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. യുവാക്കള്‍ക്കെതിരെ കേസെടുത്തെന്നും പരിശോധന തുടരുമെന്നും വിഴിഞ്ഞം എസ്.ഐ അറിയിച്ചു.
നാലുവരിപ്പാതയുടെ പണി നടക്കുന്നതിനാല്‍ കോവളം മുതല്‍ മുക്കോലയിലേക്ക് പോകുന്ന റോഡില്‍ ഗതാഗതം തടഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവ വകവയ്ക്കാതെയാണ് ഇരുചക്രവാഹനങ്ങള്‍ റോഡിലൂടെ ചീറി പായുന്നത്. ഗതാഗതം തടഞ്ഞിരിക്കുന്നതിനാല്‍ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ റോഡില്‍ കളിക്കുന്നത് പതിവാണ്. കൂടാതെ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര് ഇവിടെ വൈകീട്ട് നടക്കാന്‍ എത്താറുമുണ്ട്. ഇതിനിടെയാണ് ബൈക്ക് റൈസിംഗ് സംഘങ്ങളുടെ അഭ്യാസപ്രകടനം.
ഇപ്പോള്‍ ബൈക്ക് റൈസിംഗ് സംഘങ്ങളെ പേടിച്ച് ആരും പുറത്ത് ഇറങ്ങാത്ത അവസ്ഥയാണ്. ബുള്ളറ്റുകള്‍ ഉള്‍പ്പെടെ വിവിധ തരം ആഡംബര ബൈക്കുകളാണ് റൈസിംഗിനായി ഉപയോഗിക്കുന്നത്. വാട്സ് ആപ്പ് ഗ്രുപ്പുകള്‍ വഴി ബന്ധപ്പെട്ടാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ റൈസിംഗിനായി ഇവിടെ എത്തുന്നതെന്നാണ് പോലീസ് അറിയിച്ചത്.