കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ഒഡീഷ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരങ്ങളിലെ തോൽവിയിൽ നിന്ന് കരകയറാൻ മഞ്ഞപ്പടയ്‌ക്ക് ഇന്ന് ജയം അനിവാര്യം.
ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും പിന്നീടുള്ള തുടർ തോൽവികളിൽ ആരാധകർ കടുത്ത നിരാശയിലാണ്. അതിനാൽ തന്നെ സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞൊന്നും ഷട്ടോരിയും ടീമും പ്രതീക്ഷിക്കുന്നുമില്ല. ഇരുടീമുകളും കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് ജയിച്ചത്. ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച മുബൈക്കെതിരെയാണ് ഒഡീഷ ജയം സ്വന്തമാക്കിയത്.
അതേസമയം, പരിക്കിന്റെ പിടിയിലാണ് ബ്ലാസ്റ്റേഴ്സ്. ഇക്കാര്യം കോച്ച് എൽക്കോ ഷട്ടോരി ഇന്നലെ വ്യക്തമാക്കുകയും ചെയ്തിരുന്നു.















