ഇടുക്കി: ശാന്തന്‍പാറ കൊലപാതകവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് മാനേജരുടെ സഹോദരന് അറസ്റ്റില്‍. കേസിലെ മുഖ്യപ്രതിയായ വസീമിന്റെ സഹോദരന് ഫഹദ് ആണ് അറസ്റ്റിലായത്. റിജോഷിന്റെ കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും അന്വേഷണം വഴി തിരിച്ചു വിടാനും ഇയാള്‍ സഹായിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. തുണിയോ കയറോ ഉപയോഗിച്ച് റിജോഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍.
കഴിഞ്ഞ മാസം 31 നാണ് റിജോഷിനെ കാണാതായത്. യുവാവിനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പുത്തടി മഷ്റൂം ഹട്ട് എന്ന റിസോര്‍ട്ടിന്റെ പരിസരത്ത് നിന്നും ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
റിജോഷിന്റെ ഭാര്യ ലിജി, വസീം എന്നിവര്‍ക്കായുളള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.