ദണ്ഡേവാഡ: സുരക്ഷാ സേനയെ അപകടപ്പെടുത്താനായി കമ്മ്യൂണിസ്റ്റ് ഭീകരര്‍ കുഴിച്ചിട്ട ബോംബ് കണ്ടെടുത്ത് നിര്‍വീര്യമാക്കി സൈന്യം. ഛത്തീസ്ഗഡിലെ ദണ്ഡേവാഡ ജില്ലയിലെ കൊണ്ടാസവല്ലി മേഖലയിലാണ് സംഭവം. സിആര്‍പിഎഫ് 231 ബറ്റാലിയന് സേനാംഗങ്ങളാണ് ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കിയത്.
മാരക പ്രഹരശേഷിയുള്ള ബോംബാണ് കണ്ടെടുത്ത് നിര്‍വീര്യമാക്കിയത്. പട്രോളിംഗ് സംഘം കടന്നു പോകുന്ന റോഡരികിലാണ് ബോംബുകള്‍ കുഴിച്ചിട്ടിരുന്നത്. കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം ശക്തമായി നിലനില്‍ക്കുന്ന മേഖലയാണിത്. മേഖലയില്‍ നിന്നും മുന്‍പും ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്.
അതേസമയം ബിജാപ്പൂര്‍ ജില്ലയിലെ ടോങ്കുഡാ-പാമേഡ് ഏരിയയില്‍ കമ്മ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിക്കായിരുന്നു ഏറ്റുമുട്ടല്‍.
പ്രദേശത്ത് ഭീകരര്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പോലീസും സിആര്‍പിഎഫിന്റെ കോബ്രാ യൂണിറ്റും സംയുക്തമായി പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.