ആലപ്പുഴ: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് കമ്മ്യൂണിസ്റ്റ് ഭീകരവാദികളില്‍ ഒരാള്‍ ചെന്നൈ സ്വദേശി ശ്രീനിവാസനെന്ന് ബന്ധുക്കള്‍. കമ്മ്യൂണിസ്റ്റ് ഭീകരന് അരവിന്ദന് എന്ന പേരില്‍ സൂക്ഷിച്ച മൃതദേഹമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
ചെന്നൈയില്‍ നിന്നെത്തിയ സഹോദരങ്ങളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ചെന്നൈയില്‍ സിപിഎം പ്രവര്‍ത്തകനായിരുന്നു ശ്രീനിവാസനെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുപേക്ഷിച്ച് പോയ ശ്രീനിവാസനെ കുറിച്ച് ബന്ധുക്കള്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ല.
അതേസമയം മൃതദേഹം ശ്രീനിവാസന്റെത് തന്നെയെന്ന് ഉറപ്പാക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ വേണമെന്ന് പോലീസ് പറയുന്നു. ഇതിനായി ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങുകയാണ് പോലീസ്. ഡിഎന്‍എ പരിശോധനയ്ക്കായി ശ്രീനിവാസന്റെ സഹോദരങ്ങള്‍ എന്ന് അവകാശപ്പെടുന്ന രണ്ട് പേരില്‍ നിന്ന് പോലീസ് രക്തസാമ്പിള്‍ ശേഖരിച്ചു.