ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെയും ഒഡീഷയിലെയും തീരപ്രദേശങ്ങളില്‍ ബുള്‍ബുള്‍ ചുഴലിക്കാറ്റ് വീശിയടിച്ചു. ചുഴലിക്കാറ്റിനൊപ്പം രണ്ട് സംസ്ഥാനങ്ങളിലും അതി ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയില്‍ രണ്ട് പേര് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. മണിക്കൂറില്‍ 110-120 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.
ചുഴലിക്കാറ്റിനെ ചുടര്‍ന്ന് കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഞായറാഴ്ച രാവിലെ മുതല്‍ വൈകീട്ട് ആറ്മണിവരെ അടച്ചിടാന്‍ തീരുമാനിച്ചു. അതേസമയം ഒഡീഷാ തീരത്ത് വീശിയ ശക്തമായ കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണ് ഗതാതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ഒഡീഷയുടെ വടക്കന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നത്.
ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.