ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് എംപി ശശി തരൂര്‍ വിദേശ യാത്രാനുമതി തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലേയ്ക്കുള്ള യാത്രാനുമതി തേടിയാണ് തരൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. തരൂരിന്റെ അപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.
ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലാണ് ശശി തരൂര്‍ ഇപ്പോള്‍. കേസുമായി ബന്ധപ്പെട്ട് തരൂരിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തരൂരിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. 2014 ജനുവരിയിലാണ് സുനന്ദ പുഷ്ക്കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
സുനന്ദാ പുഷ്കറിന്റെ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ ബിഎസ് ജെയ്സ്വാള്‍ ഡല്‍ഹി ജോയിന്റ് കമ്മീഷണര്‍ വിവേക് ഗോഗ്യക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് കൊലപാതകമാണെന്ന് വെളിപ്പെടുത്തുന്ന തെളിവുകള്‍ നല്‍കിയിട്ടുള്ളത്.
സുനന്ദയുടെ മരണകാരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ ബലപ്രയോഗത്താല്‍ ഉണ്ടായ മുറിവുകളും, കടിച്ച പാടുകളും ,മരുന്ന് കുത്തിവയ്ക്കപ്പെട്ടതിന്റേ പാടുകളും സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.