ഒമാൻ: 2022 ഖത്തർ ലോകകപ്പ്, 2023 എഎഫ്‌സി ഏഷ്യൻ കപ്പ് സംയുക്തയോഗ്യതാ മത്സരത്തിൽ ഒമാനെ നേരിടാനൊരുങ്ങി ടീം ഇന്ത്യ. ഒമാനിനെതിരെ ജയിച്ചാൽ അടുത്ത ഘട്ടത്തിലേക്കെത്താനുള്ള ഇന്ത്യയുടെ പ്രതീക്ഷകളെ നിലനിർത്തും. എന്നാൽ ഈ മത്സരത്തിലെ തോൽവി, ശേഷിക്കുന്ന മത്സരങ്ങളുടെ ഫലങ്ങൾ കണക്കിലെടുക്കാതെതന്നെ അടുത്ത ഘട്ടത്തിലേക്ക് പോകാനുള്ള ഇന്ത്യയുടെ സാധ്യതകളെ അവസാനിപ്പിക്കും.
നിലവിൽ ഗ്രൂപ്പ് ഇയിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ഒമാൻ ഒമ്പത് പോയിന്റുമായി ഖത്തറിന് തൊട്ടുപിന്നിലുണ്ട്. അടുത്ത റൗണ്ടിലേക്ക് പോകണമെങ്കിൽ ഗ്രൂപ്പിലെ റണ്ണറപ്പാവണം ഇന്ത്യക്ക്.
സെപ്റ്റംബറിൽ ഗുവാഹത്തിയിൽ അവസാനമായി ഒമാനെ നേരിട്ടപ്പോൾ, ഇഗോർ സ്റ്റിമാക്കിന്റെ കുട്ടികൾക്ക് മത്സരത്തിൽ നിന്ന് പോയിന്റുകളൊന്നും നേടാനായില്ല. 89-ാം മിനിറ്റിൽ സുനിൽ ഛേത്രി ഗോൾ നേടിയെങ്കിലും ഒമാന്റെ അൽ മന്ദർ അൽ അലവി വൈകി നേടിയ രണ്ട് ഗോളുകൾ ഇന്ത്യയെ വേദനാജനകമായ തോൽവിക്ക് വിധേയമാക്കി. ചൊവ്വാഴ്ച ഒമാനിനെതിരെ മികച്ച പ്രകടനം ആവർത്തിക്കാൻ ഇന്ത്യ പരിശ്രമിക്കും. എന്നാൽ ഒമാനെ അവരുടെ തട്ടകത്തിൽ തോൽപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമാകില്ല.
അവസാന രണ്ട് മത്സരങ്ങളിൽ ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനും എതിരായി സമനിലകൾ നേടാൻ ഇന്ത്യയ്‌ക്ക് ഇന്ത്യക്ക് കഠിനാധ്വാനം തന്നെ ചെയ്യേണ്ടി വന്നു. നാല് മത്സരങ്ങളിൽ നിന്ന് വെറും മൂന്ന് പോയിന്റുകൾ മാത്രം നേടിയ ഛേത്രിക്കും കൂട്ടുകാർക്കും ഇനിയും തോൽവി നേരിടാനാകില്ല.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഖത്തറിനെതിരായ ചരിത്രപരമായ സമനിലയ്‌ക്ക് ശേഷം ടീമിന്റെ പ്രതിരോധനിര അത്ര ശക്തമായ പ്രകടനമല്ല കാഴ്ചവച്ചത്. സന്ദേഷ് ജിങ്കന്റെ അഭാവം പ്രതിരോധക്കോട്ടയിലുണ്ടാക്കിയ വിള്ളൽ വളരെ വലുതാണ്. അഫ്ഗാനിസ്ഥാനെതിരെ തെരഞ്ഞെടുത്ത ആദ്യ ഇലവനിൽ ഒന്നിലധികം മാറ്റങ്ങൾ വരുത്താൻ സ്റ്റിമാക്ക് നിർബന്ധിതനായേക്കാം.















