ബംഗളൂരു: അന്താരാഷ്‌ട്ര ഇടവേളയ്‌ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഇന്ന് പുനരാരംഭിക്കുന്നു. ദക്ഷിണേന്ത്യയിലെ കരുത്തൻമാരായ ബംഗളൂരു എഫ്സിയും കേരളബ്ലാസ്റ്റേഴ്സും തമ്മിലാണ് പോരാട്ടം.
നിലവിലെ ചാമ്പ്യൻമാർ കൂടിയായ ബംഗളൂരുവിന് ഈ സീസണിൽ കാര്യങ്ങൾ അത്ര അനുകൂലമല്ല. ആകെ കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്. മൂന്ന് മത്സരങ്ങളിൽ സമനിലവഴങ്ങുകയും ചെയ്ത ടീം 6 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
അതേസമയം, നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സിനും വിജയ വഴിയിൽ തിരിച്ചെത്തേണ്ടത് അനിവാര്യമാണ്. ഒരു സമനിലയും രണ്ട് തോൽവിയും വഴങ്ങിയ ബ്ലാസ്റ്റേഴ്സ് 4 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണുള്ളത്.
പരിക്കാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വെല്ലുവിളി. പ്രതിരോധ നിരയിലെകരുത്തൻ ജെയ്റോ റോഡ്രിഗസ് ഉടൻ ടീമിലേക്ക് മടങ്ങില്ലെന്ന് ക്ലബ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. അവസാന മത്സരത്തിൽ പരിക്കേറ്റ മെസി കഴിഞ്ഞ ദിവസങ്ങളിൽ പരിശീലനത്തിനിറങ്ങിയതും ഫോം വീണ്ടെടുത്തതും ടീമിന് ആശ്വാസം നൽകുന്നു.
വൈകുന്നേരം 7.30ന് ബംഗളൂരുവിലാണ് മത്സരം.















