ലണ്ടന്‍: പ്രീമിയര്‍ ലീഗ് 2019 സീസണിലെ നാലുകളികളിലായി നാലു ടീമുകള്‍ക്ക് വാറില്‍ പരിക്കേറ്റതായി പരാതി. ഗോളിന്റെ കൃത്യത പരിശോധിക്കുന്ന ഡിജിറ്റല്‍ റഫറി സംവിധാനത്തിന്റെ അപാകതകളാണ് പരാതിക്ക് കാരണമായത്. നാലു കളികളിലാണ് അടിച്ച ഗോളുകള്‍ തെറ്റാണെന്ന് വാര്‍ വിധിച്ചത്. എന്നാല്‍ കളിക്കുശേഷമുള്ള പരിശോധനകളില്‍ മനുഷ്യരുടെ തീരുമാനമായിരുന്നു ശരി എന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന മത്സരങ്ങളിലാണ് നാല് തീരുമാനങ്ങള്‍ വാറിന് പിഴച്ചത്. ആദ്യപരാതി പ്രമുഖ ടീമായ മാഞ്ചസ്റ്ററിന്റെ വകയായിരുന്നു. നോര്‍വിച്ച് സിറ്റിക്കെതിരായ കളിയില്‍ ഡാനിയല്‍ ജെയിംസിന്റെ പെനാല്‍റ്റി അനുവദിക്കപ്പെട്ടില്ല.
തുടര്‍ന്ന് രണ്ടാമത്തെ കളിയില്‍ ബ്രൈറ്റണും എവര്‍ട്ടണും കൊമ്പുകോര്‍ത്തപ്പോള്‍ ആരോണ്‍ കൊന്നോലിയുടെ പെനാല്‍റ്റിക്കും വിധി എതിരായിരുന്നു.
ചെല്‍സി-വാറ്റ്‌ഫോഡ് മത്സരത്തിലെ ജെറാഡ് ഡ്യൂലോഫൂവിന്റെ ഗോളും ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസ് പോരാട്ടത്തില്‍ സോക്രട്ടീസിന്റെ പെനാല്‍റ്റിയും വാര്‍ വെട്ടിവീഴ്‌ത്തി. റഫറിമാരുടെ തീരുമാനങ്ങള്‍ കൃത്യതപാലിക്കുമ്പോള്‍ പ്രധാന മത്സരങ്ങളിലെ ‘വാര്‍’ തീരുമാനങ്ങളാണ് പിഴച്ചത്.
എന്നാല്‍ വാറിന്റെ തീരുമാനങ്ങള്‍ 82ല്‍ നിന്ന് 91 ശതമാനത്തിലേക്കുയര്‍ന്നെന്നാണ് ഫിഫ അധികൃതരുടെ അവകാശവാദം. 90 സെക്കന്റിന് മുകളില്‍ സമയമെടുത്തത് 3 തീരുമാനങ്ങളില്‍ മാത്രമാണ്. 97 ശതമാനം ഗോളുകളുടെ തീരുമാനങ്ങളും ഒരു മിനിറ്റിന് താഴെയുള്ള സമയത്തിന് എടുത്തെന്നും ഫിഫ പറഞ്ഞു.















