കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് പതറുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ നേടിയ 241 റണ്‍സ് ലീഡ് പിന്തുടരുന്ന ബംഗ്ലാദേശ് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.
രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം റണ്‍സൊന്നുമെടുക്കാതെ പുറത്തായപ്പോള്‍ ഇമ്രുല്‍ കയസ് 5ഉം നായകന് മോര്ണിമുല് ഹഖ് പൂജ്യത്തിനും പുറത്തായി. മുന്നേറ്റ നിര തകര്‍ന്നതോടെ ബംഗ്ലാദേശ് അപകടം മണത്തു. ഇതിനു പിന്നാലെ മൊഹമ്മദ് മിഥുന് 6 റണ്‍സില്‍ പുറത്തായി. മുഷ്ഫിഖുര്‍ റഹീം 59 റണ്‍സുമായി ക്രീസിലുണ്ട്. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത മഹ്മ്മദുള്ള പരിക്കേറ്റ് പിന്മാറിയതും സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി.
ഇന്ത്യക്കു വേണ്ടി ഇഷാന്ത് ശര്‍മ്മ 9 ഓവറില്‍ 39 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് 40 റണ്‍സ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കി.
3 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സുമായി രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യ 173 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. സെഞ്ച്വറി നേടിയ നായകന് വിരാട് കോഹ്ലിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. 194 പന്തില്‍ 136 റണ്‍സെടുത്ത കോഹ്ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. ഇതോടെ ഇന്ത്യക്ക് 241 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമായി. ഇന്ത്യക്ക് വേണ്ടി അജിങ്ക്യ രഹാനെ അര്‍ദ്ധ സെഞ്ച്വറി നേടി. 17 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ പുറത്താകാതെ നിന്നു.















