ജനപ്രിയ വാഹനമായ ഹാരിയറിന്റെ ഏഴ് സീറ്റര്‍ അവതരിപ്പിക്കാനൊരുങ്ങി ടാറ്റാ മോട്ടോര്‍സ്. കാഴ്ചയില്‍ ഹാരിയറുമായി കാര്യമായ വ്യത്യാസങ്ങളില്ലാതെയാണ് പുതിയ വാഹനം അവതരിപ്പിക്കുന്നത്. ടാറ്റ ഗ്രാവിറ്റാസെന്ന് പേരിട്ടിരിക്കുന്ന വാഹനം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2020 ഇന്ത്യ ഓട്ടോ എക്സ്പോയിലായിരിക്കും ആദ്യമായി പ്രദര്‍ശിപ്പിക്കുക.
ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ്റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ് ഗ്രാവിറ്റാസ് നിര്‍മ്മിക്കുക. ഹാരിയറിനു ശേഷം ഈ പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ വാഹനമാകും ഗ്രാവിറ്റാസ്. ഹാരിയറിന്റെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഗ്രാവിറ്റാസിനും നല്‍കിയിരിക്കുന്നത്.
തുടക്കത്തില്‍ തന്നെ ബിഎസ് VI മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്കരിച്ച എഞ്ചിനാവും ഗ്രാവിറ്റാസിലുള്ളത്. 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന എഞ്ചിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലാണ് അവതരിപ്പിക്കുന്നത്.
ഹാരിയറിലേതിനു സമാനമായ സ്പ്ലിറ്റ് ഹെഡ്ലാംപുകള്, ഗ്രില്‍, ബമ്പര്‍ എന്നിവയാണ് ഗ്രാവിറ്റാസിലും ഉള്ളതെങ്കിലും പുതുക്കിയ ടെയില്‍ ലാമ്പുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. പനോരമിക് സണ്‍റൂഫും, വലിയ 18 ഇഞ്ച് അലോയ് വീലുകളുമാണ് പുതിയ ഗ്രാവിറ്റാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
4,661 എംഎം നീളവും 1,894 എംഎം വീതിയും 1,786 എംഎം ഉയരവുമാണ് ടാറ്റ ഹാരിയറിനുള്ളത്. ഹാരിയറിനെ അപേക്ഷിച്ച് ഗ്രാവിറ്റാസിന് 63 മില്ലിമീറ്റര്‍ നീളവും 72 എംഎം വീതിയും 80 എംഎം ഉയരവും കൂടുതലാണ്. ഹാരിയറിനും ഗ്രാവിറ്റസിനും 2,741 എംഎം വീല്‍ബേസാണ് കമ്പനി നല്‍കിയിരിക്കുന്നത്.