ന്യൂഡല്‍ഹി: ദീര്‍ഘ നാളത്തെ ക്രിക്കറ്റ് ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി. 2011 ലോകകപ്പ് ഫൈനലില്‍ വിജയത്തോടടുത്തപ്പോള്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ആരാധകര്‍ ആലപിച്ച വന്ദേ മാതരമാണ് ഏറ്റവും മനോഹരമായ ഓര്‍മ്മകളില്‍ ഒന്നെന്ന് അദ്ദേഹം പറഞ്ഞു. 2007, 2011 ലോകകപ്പുകളിലെ വിജയങ്ങള്‍ ഹൃദയത്തോട് ചേര്ത്തുവെക്കുന്നതായും ധോണി വ്യക്തമാക്കി.
2011 ലോകകപ്പില്‍ ഇന്ത്യക്ക് ജയിക്കാന്‍ 15-20 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ കാണികള്‍ എല്ലാവരും ഒരുമിച്ച് വന്ദേ മാതരം ആലപിക്കുകയുണ്ടായി. 2007, 2011 ലോകകപ്പുകളിലെ വിജയത്തിന് ശേഷം ടീമിന് ലഭിച്ച സ്വീകരണവും സ്നേഹവും എന്നും ഓര്‍മ്മയില്‍ മായാതെ നില്ക്കും. 2007ലെ ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ തുറന്ന ബസില്‍ സ്വീകരണം ലഭിച്ചിരുന്നു. എല്ലാവരുടെ മുഖത്തും സന്തോഷം കാണാന്‍ കഴിഞ്ഞു. വലിയ ആള്‍ക്കൂട്ടമായിരുന്നു മറൈന്‍ ഡ്രൈവില്‍ എത്തിയതെന്നും ധോണി പറഞ്ഞു.
2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍. ഇതിനു പിന്നാലെ 2011ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പിലും ഇന്ത്യയാണ് കപ്പുയര്‍ത്തിയത്. ഫൈനലില്‍ പുറത്താകാതെ 91 റണ്‍സ് നേടിയ ധോണിയുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഐസിസിയുടെ മൂന്ന് ട്രോഫികളും സ്വന്തമാക്കിയ ഒരേയൊരു നായകനാണ് ധോണി.















