ബാഴ്സലോണ: 2019ലും മികച്ച ഫോം തുടര്‍ന്ന് ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസി. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിനു പിന്നാലെ മികച്ച പ്ലേ മേക്കര്‍ക്കുള്ള ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഐഎഫ്എഫ്എച്ച്എസ്) പുരസ്‌കാരവും മെസി സ്വന്തമാക്കി. അതെസമയം, പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടാന്‍ യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കഴിഞ്ഞില്ല.
എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മെസി മികച്ച പ്ലേ മേക്കര്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. 299 പോയിന്റ് നേടിയ മെസിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡി ബ്രൂയിനെക്ക് 85 പോയിന്റാണുള്ളത്. റയല്‍ മാഡ്രിഡ് താരം ഏദന്‍ ഹസാര്‍ഡാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. റോബര്‍ട്ടോ ഫിര്‍മിനോ (46 പോയിന്റ്), ബെര്‍ണാഡോ സില്‍വ (32), ദുസാന്‍ ടാഡിക് (30), ഫ്രാങ്കി ഡി ജോങ് (25), ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ (21), അന്റോയിന്‍ ഗ്രീസ്മാന്‍ (20), ജിനി വിജ്‌നാല്‍ഡം (17 പോയിന്റ്) എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.
അതേസമയം, കരിയറില്‍ ആറാം തവണയാണ് മെസി യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയത്. 2018-19 സീസണില്‍ 36 ഗോളുകളാണ് മെസി നേടിയത്. പിഎസ്ജി താരം കീലിയന്‍ എംബാപ്പയെ പിന്തള്ളിയ മെസി തുടര്‍ച്ചയായ മൂന്നാം തവണയാണ് ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ഏറ്റവും കൂടുതല്‍ തവണ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയ താരവും മെസി തന്നെയാണ്. യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മെസി നേരത്തെ തന്നെ മറികടന്നിരുന്നു. ക്രിസ്റ്റിയാനോ നാല് തവണ ഗോള്‍ഡന്‍ ബൂട്ട് ജേതാവായിട്ടുണ്ട്.















