ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ 14-ാം ആഴ്ചയിലെ ശനിയാഴ്ച പോരാട്ടങ്ങള്‍ക്കൊടുവില്‍ ലിവര്‍പ്പൂള്‍ ലീഗിലെ ഒന്നാമന്മാരായി വിജയക്കുതിപ്പ് തുടരുന്നു. ചെല്‍സി നിരാശപ്പെടുത്തിയപ്പോള്‍ മൗറിഞ്ഞോയുടെ പരിശീലനത്തിന്‍ കീഴില്‍ ടോട്ടനം ജയിച്ചുകയറി. മറ്റ് മത്സരങ്ങളില്‍ സതാംപ്ടണും ക്രിസ്റ്റല്‍ പാലസും എതിരാളികളെ കീഴടക്കിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ക്കുരുങ്ങി.
ലിവര്‍പ്പൂളിന്റെ ജയം ബ്രൈറ്റണിനെതിരെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ ക്കായിരുന്നു.വിജില്‍ വാന്‍ ഡിക്കിന്റെ ഇരട്ടഗോളുകളാണ് ടീമിന് ജയം നല്‍കിയത്. 18,24 മിനിറ്റുകളിലാണ് ഗോളുകള്‍ നേടിയത്. ബ്രൈറ്റണ്‍ 79-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ലിവര്‍പ്പൂളിന്റെ അലിസണ്‍ ബക്കറിന് ചുവപ്പ് കാര്‍ഡ് കിട്ടുകയും ചെയ്തു. ആകെ 5 ഗോളുകള്‍ കണ്ട മത്സരത്തില്‍ ടോട്ടനം ബേണ്‍മൗത്തിനെ 3-2ന് തോല്‍പ്പിച്ചു. ഡെലീ അല്ലിയുടെ ഇരട്ട ഗോളുകളും(21,50) സിസോക്കോയുടെ 69-ാം മിനിറ്റിലെ ഗോളുമാണ് മൗറിഞ്ഞോയുടെ ശിഷ്യന്മാര്‍ക്ക് ജയം നേടിക്കൊടുത്തത്.
രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ബേണ്‍മൗത്ത് തോല്‍വിഭാരം കുറച്ചു. ഹാരീ വില്‍സണ്‍ നേടിയ ഇരട്ട ഗോളുകള്‍ അവസാന നിമിഷത്തില്‍ ടോട്ടനത്തിനെ ഞെട്ടിച്ചു. 73-ാം മിനിറ്റിലും കളിയുടെ അധികസമയമായ 96-ാം മിനിറ്റിലുമാണ് ബ്രൈറ്റണ്‍ പൊരുതിനോക്കിയത്. ഈ ആഴ്ചത്തെ അട്ടിമറിയില്‍ ചെല്‍സിയെ വെസ്റ്റ് ഹാം ഞെട്ടിച്ചു. ഏകപക്ഷീയമായ ഒറ്റ ഗോളിനാണ് ചെല്‍സി പരാജയം നുണഞ്ഞത്. ക്രെസ്സ്‌വെല്ലാണ് 48-ാം മിനിറ്റില്‍ ഗോള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത 2 ഗോളുകള്‍ക്ക് ബേണ്‍ലിയെ മറികടന്നപ്പോള്‍ സതാംപ്ടണ്‍ 2-1ന് വാറ്റ്‌ഫോഡിനെയും തോല്‍പ്പിച്ചു.
പോയിന്റ് നിലയില്‍ 14 കളികളിലായി ലിവര്‍പ്പൂള്‍ 40 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് ശക്തമായി നില്‍ക്കുന്നു. മാഞ്ചസ്റ്റര്‍ സിറ്റി 14 കളികളിലായി 29 പോയിന്റോടെ രണ്ടാംസ്ഥാനത്താണ്. ചെല്‍സി 4-ാം സ്ഥാനത്തും ടോട്ടനം 20 പോയിന്റോടെ അഞ്ചാം സ്ഥാനത്തുമാണുള്ളത്.















