കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്‌ക്ക് വിജയത്തുടക്കം. കോഴിക്കോട് നടന്ന ആദ്യ ഹോം മാച്ചിൽ നെറോക്ക എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഗോകുലം തോൽപ്പിച്ചത്.
ആദ്യ പകുതിയിൽ ഹെൻറി കിസേക്കയാണ് ഗോകുലത്തിനായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ നായകൻ മാർക്കസ് ജോസഫും ഗോകുലത്തിനായി ഗോൾ നേടി. കളിയുടെ എൺപത്തി രണ്ടാം മിനിറ്റിൽ നെരോക്ക ആശ്വാസ ഗോൾ നേടി. ഡിസംബർ ആറിന് ഗോവയിൽ ഇന്ത്യൻ ആരോസുമായാണ് ഗോകുലം എഫ് സിയുടെ അടുത്ത മത്സരം.
തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിലായിരുന്നു ഗോകുലം പന്ത് തട്ടിയത്. മത്സരം കാണാൻ 31,181 പേരാണ് കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലെത്തിയത്.















