കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. കരുത്തരായ എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പരിക്കിന്റെ പിടിയിലാണെങ്കിലും ഷട്ടോരിയ്‌ക്കും സംഘത്തിനും ഇന്ന് ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാനാകില്ല.
സീസണിന്റെ തുടക്കം മുതല്‍ തന്നെ പരുക്കുകള്‍ ടീമിനെ വലച്ചിരുന്നു. വിദേശ താരങ്ങളടക്കമുളഅളവരുടെ പരിക്ക് ടീമിന്റെ പ്രകടനത്തിലും പ്രതിഫലിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനോട് മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കിലും ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. പരിക്ക് പറ്റിയ താരങ്ങളാരും പൂർണ്ണമായും തിരിച്ചെത്തിയിട്ടില്ല. മരിയ ആർക്കെസ് മുസ്തഫ നിംഗ് അടക്കമുള്ളവർ ഇന്ന് കളിച്ചേക്കില്ല.
ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാനായത്. ഒരു മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ മൂന്ന് മത്രങ്ങളിൽ തോൽവിയും വഴങ്ങി. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ.
അതേസമയം, സൂപ്പർ താരങ്ങളുടെ വിലക്കും പരിക്കും ഗോവയ്‌ക്കും തിരിച്ചടിയാകും. അച്ചടക്ക നടപടി നേരിടുന്ന സെമിൻലെൻ ഡംഗലും ഹ്യൂഗോ ബോമസും കേരള ബ്ലാസ്റ്റേഴ്സിനെതിരെയും കളിക്കില്ല. നവംബർ ഒന്നിന് ഗുവാഹത്തിയിൽ നടന്ന എഫ്സി ഗോവ-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിനിടയിൽ താരങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളെ സസ്‌പെൻഡ് ചെയ്തത്. പരിക്കേറ്റ സൂപ്പര്‍ താരം കോറോമിനോസ് ഗോവൻ നിരയിലുണ്ടാകില്ലെന്നാണ് സൂചന.
അഞ്ച് മത്സരങ്ങളില്‍ നിന്ന് 2 ജയവും 2 സമനിലയും 1 തോല്‍വിയും ഉള്‍പ്പെടെ 8 പോയിന്റുമായി 5 സ്ഥാനത്താണ് ഗേവ.















