FootballSports

സമനില ചോദിച്ച് വാങ്ങി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില. രണ്ട് തവണ മുന്നിലെത്തിയതിന് ശേഷമാണ് എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. സ്‌കോര്‍ -കേരളാ ബ്ലാസ്റ്റേഴ്‌സ് 2-2 എഫ് സി ഗോവ. ബ്ലാസ്റ്റേഴ്‌സിനായി സെര്‍ജിയോ സിഡോഞ്ച, മെസി ബൗളി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍, മൊര്‍ട്ടാഡ ഫാള്‍, ലെനി റൊഡ്രീഗസ് എന്നിവരാണ് ഗോവയ്ക്കായി വല കുലുക്കിയത്. ചുവപ്പ് കാര്‍ഡ് കണ്ട് മൊര്‍ട്ടാഡ ഫാള്‍ പുറത്തായതിനാല്‍ പത്ത് പേരുമായാണ് അവസാന 40 മിനുറ്റ് ഗോവ കളിച്ചത്. നിശ്ചിത സമയത്ത് 2-1 ന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സിനെ ഇഞ്ചുറി സമയത്തെ ലെനി റൊഡ്രീഗസിന്റെ ഗോളാണ് സമനിലയില്‍ കുരുക്കിയത്.

ടിപി രഹനേഷായിരുന്നു ഇന്നും ബ്ലാസ്റ്റേഴ്‌സ് ഗോള്‍ വല കാത്തത്. മൊഹമ്മദ് റാക്കിപ്, ജെസല്‍ കര്‍നെയ്‌റോ, വ്‌ലാറ്റ്‌കോ ഡ്രൊബറോവ്, രാജു ഗെയിക്ക് വാദ് എന്നിവര്‍ പ്രതിരോധത്തില്‍ അണിനിരന്നു. സ്പാനിഷ് താരം സെര്‍ജിയോ സിഡോഞ്ച, മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ്, പ്രശാന്ത് കെ, ജീക്‌സണ്‍ സിംഗ് എന്നിവരായിരുന്നു മധ്യനിരയില്‍. മുന്നേറ്റത്തില്‍ നായകന്‍ ബാര്‍ത്തലോമ്യു ഒഗ്‌ബെച്ചിയ്‌ക്കൊപ്പം, മറ്റൊരു വിദേശ താരമായ റാഫേല്‍ മെസിയെയാണ് ഷട്ടോറി കളിക്കാനിറക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനിലുണ്ടായിരുന്ന മലയാളി താരം രാഹുല്‍ കെപിയ്ക്ക് ഇന്ന് പരിക്കിനെത്തുടര്‍ന്ന് ടീമില്‍ ഇടം പിടിക്കാനായില്ല.

Loading...

മറുവശത്ത് സൂപ്പര്‍ താരങ്ങളായ ഫെറാന്‍ കോറോ, അഹമ്മദ് ജാഹു, സൈമന്‍ ലിന്‍ ഡൂംഗല്‍ എന്നിവരില്ലാതെയാണ് ഗോവ കളിക്കാനിറങ്ങിയത്. മൊഹമ്മദ് നവാസായിരുന്നു അവരുടെ ഗോള്‍വലയ്ക്ക് മുന്നില്‍. സെറിട്ടന്‍ ഫെര്‍ണാണ്ടസ്, മൊര്‍ട്ടാഡ ഫാള്‍, കാര്‍ലോസ് പീന, സേവിയര്‍ ഗാമ എന്നിവര്‍ പ്രതിരോധം കാത്തു. ലെനി റൊഡ്രീഗസ്, എഡു ബേഡിയ, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, മന്ദര്‍ റാവു ദേശായി, മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ജാക്കിചന്ദ് സിംഗ് എന്നിവര്‍ മധ്യനിരയിലും, മന്‍വീര്‍ സിംഗ് മുന്നേറ്റത്തിലും ബൂട്ട് കെട്ടി.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. മൈതാനത്തിന്റെ ഇടത് വശത്ത് നിന്ന് ഗോവന്‍ ബോക്‌സ് ലക്ഷ്യമാക്കി എത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ ത്രോ മൊര്‍ട്ടാഡ ഫാളിന്റെ കാലില്‍ത്തട്ടിയെത്തിയത് ബോക്‌സിന് തൊട്ട് വെളിയില്‍ സെര്‍ജിയോ സിഡോഞ്ചയുടെ മുന്നില്‍. താരത്തിന്റെ തകര്‍പ്പന്‍ ഇടം കാലന്‍ വോളി ഗോവന്‍ ഗോള്‍കീപ്പറെ കീഴടക്കി വലയില്‍. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നില്‍ 1-0. ഗോള്‍ നേടിയതിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്‌സിന്റെ പിന്നീടുള്ള നീക്കങ്ങളിലും പ്രതിഫലിച്ചു. തുടര്‍ച്ചയായി അവര്‍ ഗോവന്‍ ബോക്‌സിലേക്ക് പന്തുമായി എത്തി.

ഇരുപത്തിരണ്ടാം മിനിറ്റില്‍ ജെസല്‍ കര്‍നെയ്‌റോ എടുത്ത ലോംഗ് റേഞ്ചര്‍ ലക്ഷ്യത്തിന് പുറത്തേക്കായിപ്പോയത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു. തൊട്ടടുത്ത മിനിറ്റില്‍ മെസി ബൗളിയും ഗോള്‍ നേടാന്‍ ലഭിച്ച അവസരം പുറത്തേക്കടിച്ച് കളഞ്ഞു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം സെര്‍ജിയോ സിഡോഞ്ചയുടെ ലോംഗ് റേഞ്ചര്‍ ഗോവയ്ക്ക് ഭീതി സമ്മാനിച്ചെങ്കിലും മുപ്പത് വാര അകലെ നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു. മുപ്പത്തിയൊന്‍പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം ലഭിച്ചു. ഇടത് വശത്ത് കൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ നായകന്‍ ഒഗ്‌ബെച്ചി ബോക്‌സിലേക്ക് നീട്ടി നല്‍കിയ പന്ത് പക്ഷേ വലയിലെത്തിക്കുന്നതില്‍ മെസി പരാജയപ്പെട്ടു.

നാല്പതാം മിനിറ്റില്‍ മന്‍ വീര്‍ സിംഗിനെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സ് താരം വ്‌ലാറ്റ്‌കോ ഡ്രൊബറോവ് മഞ്ഞക്കാര്‍ഡ് കണ്ടു. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ ഗോവ ഗോള്‍ മടക്കി. ജാക്കിചന്ദ് നല്‍കിയ ക്രോസില്‍ നിന്ന് തകര്‍പ്പന്‍ ഹെഡറിലൂടെ മൊര്‍ട്ടാഡ ഫാളാണ് ബ്ലാസ്റ്റേഴ്‌സ് വലയില്‍ പന്തെത്തിച്ചത്. മത്സരം ഒപ്പത്തിനൊപ്പമെത്തി (1-1).ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ ഒഗ്‌ബെച്ചിയുടെ തകര്‍പ്പന്‍ ഷോട്ട് ഗോവയെ വിറപ്പിച്ചു. മുപ്പത് വാര അകലെ നിന്ന് താരം തൊടുത്ത ഷോട്ട് പക്ഷേ ഉജ്ജ്വല ഡൈവിലൂടെ മൊഹമ്മദ് നവാസ് തട്ടിയകറ്റി.

രണ്ടാംപകുതിയിലെ ആദ്യ മികച്ച മുന്നേറ്റം ഗോവയുടെ ഭാഗത്ത് നിന്നായിരുന്നു. മന്ദര്‍ റാവു ദേശായ് നല്‍കിയ പന്ത് ഗോളിലേക്ക് തിരിച്ച് വിടാനുള്ള സേവിയര്‍ ഗാമയുടെ ശ്രമം പക്ഷേ വിഫലമായി. അടുത്ത മിനിറ്റില്‍ ഗോവയുടെ മൊര്‍ട്ടാഡ ഫാളിന് ചുവപ്പ് കാര്‍ഡ്. പന്തുമായി മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് നായകന്‍ ബാര്‍ത്തലോമ്യു ഒഗ്‌ബെച്ചയെ പിന്നില്‍ നിന്ന് ടാക്കിള്‍ ചെയ്ത് വീഴ്ത്തിയതിന്, ഫാള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഗോവ കളത്തില്‍ പത്ത് പേരായി ചുരുങ്ങി. എതിരാളികള്‍ക്ക് ആള്‍ ബലം കുറഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സിന്റെ ഉശിരു വര്‍ധിച്ചു. അന്‍പത്തിയൊന്‍പതാം മിനിറ്റില്‍ അതിന് ഫലവും കണ്ടു. ഇടത് വശത്ത് നിന്ന് പ്രശാന്ത് നല്‍കിയ ഗ്രൗണ്ട് ക്രോസ് വലയിലെത്തിച്ച് മെസി ബൗളി ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചു. സ്‌കോര്‍ (2-1).

അറുപത്തിരണ്ടാം മിനിറ്റില്‍ ഗോവന്‍ താരം എഡു ബേഡിയ മഞ്ഞക്കാര്‍ഡ് കണ്ടു. അറുപത്തിയാറാം മിനിറ്റില്‍ ആതിഥേയര്‍ മത്സരത്തിലെ ആദ്യ മാറ്റം വരുത്തി. കെ പ്രശാന്തിനെ പിന്‍ വലിച്ച പരിശീലകന്‍, സെയ്ത്യാസെന്‍ സിംഗിനെ പകരമിറക്കി. അടുത്ത മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് മത്സരത്തിലെ ഏറ്റവും മികച്ച ഗോള്‍ അവസരം ലഭിച്ചു. ഇടത് വശത്ത് നിന്ന് നിന്ന് ബോക്‌സിനുള്ളില്‍ ഒഗ്‌ബെച്ചിക്ക് ക്രോസ് ലഭിക്കുമ്പോള്‍ അദ്ദേഹത്തെ മാര്‍ക്ക് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ഒഗ്‌ബെച്ചിയുടെ ഹെഡര്‍ അവിശ്വസനീയമായി പുറത്തേക്ക് പോയി. തൊട്ടടുത്ത മിനിറ്റില്‍ പകരക്കാരനായിറങ്ങിയ സെയ്ത്യാസെന്‍ സിംഗിന്റെ ബുള്ളറ്റ് ഷോട്ട് തകര്‍പ്പന്‍ സേവിലൂടെ തടഞ്ഞ് മൊഹമ്മദ് നവാസ് ഗോവയ്ക്ക് രക്ഷകനായി.

പത്ത് പേരായി ചുരുങ്ങിയ ഗോവ ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ വിറക്കുന്നതാണ് പിന്നീട് കണ്ടത്. എണ്‍പത്തിയെട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി മെസി വീണ്ടും ഗോവന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറിയുടെ ഓഫ് സൈഡ് വിസില്‍ ഉയര്‍ന്നത് ടീമിന് തിരിച്ചടിയായി. നിശ്ചിത സമയത്ത് 2-1 ന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സ് വിജയവുമായി മടങ്ങുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നപ്പോളാണ് ഇഞ്ചുറി സമയത്ത് ഗോവയുടെ സമനില ഗോള്‍ പിറന്നത്. മന്‍വീര്‍ സിംഗിന്റെ അസിസ്റ്റില്‍ നിന്ന് ഗോള്‍ നേടി ലെനി റൊഡ്രീഗസാണ് ഗോവയ്ക്ക് ആശ്വാസ സമനില സമ്മാനിച്ചത്. ഡിസംബര്‍ അഞ്ചാം തീയതി മുംബൈ സിറ്റിക്കെതിരെയാണ് ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

94 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close