ന്യൂഡല്‍ഹി: ഉത്തേജകമരുന്ന് വിവാദത്തില്‍ ബോക്സിംഗ് താരത്തിനെതിരെ നടപടി. ഇന്ത്യയുടെ വനിതാ ബോക്സിംഗ് താരം നീരജിനെയാണ് ഉത്തേജക മരുന്നുപയോഗിച്ചതായി കണ്ടെത്തിയതിന്റെ പേരില്‍ സസ്പെൻഡ് ചെയ്തത്. 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്കായി ഒളിമ്പിക്സിൽ മത്സരിക്കാനിരുന്ന താരത്തെ ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയായ നാഡയാണ് അയോഗ്യയാക്കിയത്.
ടാര്‍ഗറ്റ് ഒളിംപിക്സ് പോഡിയം എന്ന പദ്ധതി പ്രകാരം പ്രത്യേക പരിശീലനം നല്കിയ, ഒളിമ്പിക്സ് മെഡല്‍ ഉറപ്പുള്ള താരങ്ങളിലൊരാളായിരുന്നു നീരജ്. സെപ്തംബര്‍ 24ന് ശേഖരിച്ച നീരജിന്റെ രക്തസാമ്പിളുകളിലാണ് നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയത്. ലിഗാന്ഡ്രോളിന്റേയും അനബോളിക് സ്റ്റിറോയ്ഡിന്റേയും സാന്നിധ്യമാണ് പരിശോധനയിൽ വ്യക്തമായത്.
പരിശോധനയുമായി ബന്ധപ്പെട്ട വാർത്തകൾ നീരജ് സ്ഥിരീകരിച്ചു. എന്നാല്‍ ശിക്ഷാ നടപടികളുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നീരജ് ദേശീയ ക്യാംപില്‍ നിന്ന് അവധി എടുത്ത് പോയതായും മറ്റ് വിവരങ്ങളറിയില്ലെന്നും ബോക്സിംഗ് ഫെഡറേഷന് അറിയിച്ചു. അടുത്തിടെ റഷ്യയില്‍ നടന്ന ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.















