ദോഹ- ഖത്തര്‍-ഇന്ത്യ ഇയര്‍ ഓഫ് കള്‍ചര്‍-2019 അവാര്‍ഡ് അജീഷ് പുതിയേടത്തിന്. ഖത്തര്‍-ഇന്ത്യ സാംസ്കാരിക വര്‍ഷാചരണത്തിന്റെ ഭാഗമായി ഖത്തര്‍ മ്യൂസിയംസ് പ്രവാസി ഫോട്ടോഗ്രഫര്മാര്ക്കു നല്കുന്ന പുരസ്കാരമാണിത്. മലയാളിയായ സലീം അബ്ദുള്ള, ഖത്തരി ഫോട്ടോഗ്രഫര്മാരായ ഹമദ് അല്‍ ഷമ്മാരി, ആയിഷ അല്‍ സാദാ എന്നിവര്‍ക്കൊപ്പമാണ് അജീഷ് അവാര്‍ഡ് പങ്കിട്ടത്.
അജീഷും സലീമും ഖത്തറില്‍ നിന്നു പകര്‍ത്തിയ ചിത്രങ്ങളും അല്‍ ഷമ്മാരിയും ആയിഷയും കശ്മീരിലെ ലഡാഖില്‍ നിന്നു പകര്‍ത്തിയ ചിത്രങ്ങളും ഉള്‍പ്പെടുത്തിയ പ്രത്യേക പ്രദര്‍ശനം കത്താറ കള്‍ചറല്‍ വില്ലേജിലെ യൂത്ത് ഹോബി സെന്ററില്‍(ബില്‍ഡിങ് നമ്പര്‍ 18) ആരംഭിച്ചു. സംസ്കാരങ്ങള്‍ സംഗമിക്കുമ്പോള്‍ എന്ന പേരിലുള്ള പ്രദര്‍ശനം ഇരു രാജ്യങ്ങളിലേയും പൈതൃകത്തെയും ജനജീവിതത്തേയും ആഴത്തില്‍ മനസിലാക്കാന്‍ സഹായിക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്, ഖത്തര്‍ മ്യൂസിയംസ് സാംസ്കാരിക വര്‍ഷാചരണ വിഭാഗം മേധാവി ആയിഷ അല്‍ അത്തിയ എന്നിവര്‍ പറഞ്ഞു.
കോര്‍ണിഷിലെ നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, ദോഹ ഫിലിംസിറ്റി, സൂഖ് വാഖിഫ്, കത്താറ പൈതൃകഗ്രാമം, ഖത്തര്‍ മ്യൂസിയം, ഖത്തര്‍ നാഷണല്‍ ലൈബ്രറി എന്നിവിടങ്ങളില്‍ നിന്നു പകര്‍ത്തിയ 12 ചിത്രങ്ങളാണ് അജീഷിന്റേതായി പ്രദര്‍ശനത്തിലുള്ളത്. ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലെ ആയിരക്കണക്കിനു പുസ്തകങ്ങള്‍ക്കിടയില്‍ സ്മാര്‍ട്ഫോണിലെ മെസേജുകള്‍ നോക്കിയിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം, ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിനു മുന്നിലൂടെ തനിച്ചുനീങ്ങുന്ന സ്വദേശി, സൂഖ് വാഖിഫ് ദൃശ്യങ്ങള്‍ തുടങ്ങിയ അജീഷിന്റെ ഫോട്ടോഗ്രഫുകളെല്ലാം പ്രദര്ശനത്തിനെത്തുന്നവരുടെ പ്രത്യേക പ്രശംസ നേടുന്നുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ബന്ധുവായ അജീഷ് കണ്ണൂര്‍ തലശേരി ത്രയം വീട്ടില്‍ അച്യുതന്-വിമല ദമ്പതികളുടെ മകനാണ്. തൈസീര്‍ ഗ്രൂപ്പിലെ ജോലിക്കു ശേഷമാണ് ഫോട്ടോഗ്രഫിക്കായി സമയം കണ്ടെത്തുന്നത്.
ഖത്തറില്‍ നിന്നു തന്നെ സലീം അബ്ദുള്ള പകര്‍ത്തിയ ചിത്രങ്ങളും അല്‍ ഷമ്മാരിയും ആയിഷയും കശ്മീരിലെ ലഡാഖില്‍ രണ്ടാഴ്ചയോളം താമസിച്ചു പകര്‍ത്തിയ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുന്നവരെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. ഹൈന്ദവ, ബുദ്ധ, ഇസ്ലാം മതവിശ്വാസങ്ങള്‍, ഹിമാലയത്തിന്റെ പ്രകൃതിമനോഹാരിത, കശ്മീരി വേഷവിധാനങ്ങളും ജീവിതവും തുടങ്ങിയ പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ ഷമ്മാരിയും ആയിഷയും പകര്‍ത്തിയിട്ടുണ്ട്.
ദിവസവും വൈകിട്ട് 4 മുതല്‍ രാത്രി 9.30 വരെയാണ് പ്രദര്‍ശനം. ഈ മാസം 17 മുതല്‍ ജനുവരി 12 വരെ ഡല്‍ഹി യൂത്ത് ഹാബിറ്റാറ്റ് ആര്‍ട്സ് സെന്ററിലും ഈ നാലുപേരുടേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഡല്‍ഹിയില്‍ അജീഷിന്റെ 20 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടാവുക.ഖത്തരി പൈതൃകത്തെ ഇന്ത്യയിലും ഇന്ത്യന്‍ സംസ്കാരത്തെ ഖത്തറിലും കൂടുതല്‍ ആഴത്തില്‍ പരിചയപ്പെടുത്തുന്നതിനാണ് ഖത്തര്‍ മ്യൂസിയംസ് 2019 ഖത്തര്‍-ഇന്ത്യ സാംസ്കാരിക വര്‍ഷമായി ആചരിക്കുന്നത്.