സംഗരൂര്‍: 65ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. പഞ്ചാബിലെ സംഗരൂരിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. മീറ്റിന്റെ ആദ്യ ദിനമായ ഇന്ന് ഹീറ്റ്‌സ് മത്സരങ്ങളും യോഗ്യതാ റൗണ്ട് മത്സരങ്ങളുമാണ് നടക്കുക.
ഇത്തവണ രണ്ട് ചാമ്പ്യന്‍ഷിപ്പുകളായാണ് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇന്ന് ആരംഭിക്കുന്ന സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളുടെ മത്സരങ്ങള്‍ 8ന് സമാപിക്കും.11 മുതല്‍ 15 വരെയാണ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുക. സീനിയര്‍ വിഭാഗം മത്സരത്തിനു ശേഷമാണ് ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി സമ്മാനിക്കുക.
കേരളത്തില്‍ നിന്ന് സബ് ജൂനിയര്‍ വിഭാഗത്തില്‍ 14 ആണ്‍കുട്ടികളും 19 പെണ്‍കുട്ടികളും ജൂനിയര്‍ വിഭാഗത്തില്‍ 34 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളും ഉള്‍പ്പെടെ 51 പെണ്‍കുട്ടികളും 48 ആണ്‍കുട്ടികളുമാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുന്നത്. ഇത്തവണ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ ഓവറോള്‍ ചാമ്പ്യന്‍മാരെ നിശ്ചയിച്ച് പുരസ്‌കാരം നല്‍കാനാണ് സ്‌കൂള്‍ ഫെഡറേഷന്റെ തീരുമാനം.















