ന്യൂഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ താന്‍ തയ്യാറെന്ന് ഷിംല സ്വദേശി രവികുമാര്‍. തന്നെ തീഹാര്‍ ജയിയിലെ ആരാച്ചാരായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രവികുമാര്‍ രാഷ്ട്രപതിക്ക് കത്തയച്ചു.
നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാരെ കിട്ടാനില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിക്ക് രവികുമാറിന്റെ കത്ത്.
തന്നെ ജയിലിലെ താത്കാലിക ആരാച്ചാരായി നിയമിക്കണം എന്നാണ് രവികുമാര്‍ കത്തില്‍ ആവശ്യപ്പെടുന്നത്. തന്നെ താത്കാലിക ആരാച്ചാരായി നിയമിക്കൂ…. പ്രതികളുടെ ശിക്ഷ ഉടന്‍ നടപ്പിലാക്കാം….അവളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ… രവികുമാര്‍ കത്തില്‍ പറയുന്നു.
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്തിരിക്കെ ആരാച്ചാരെ കിട്ടാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് നിലവില്‍ ജയില്‍ അധികൃതര്‍. ഇതേതുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ ആരാച്ചാര്‍ക്കായി പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. തുടര്‍ന്ന് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ആരാച്ചാരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.