ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം ബോളിംഗ് നിരയുടെ നട്ടെല്ലായ പേസര്‍ ജസ്പ്രീത് ബൂമ്രയെ പരിഹസിച്ച മുന്‍ പാകിസ്ഥാന്‍ താരം അബ്ദുള്‍ റസാഖിനെ ട്രോളി ആരാധകര്‍. ഏകദിന ക്രിക്കറ്റില്‍ ഒന്നാം നമ്പര്‍ ബൗളറായ ബൂമ്ര ശിശുവാണെന്നും താന്‍ ബൂമ്രയെ അനായാസമായി നേരിടുമായിരുന്നു എന്നുമാണ് റസാഖ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ റസാക്കിന് മറുപടിയില്ലാത്ത വിധമുള്ള ട്രോളുകളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
2011ലെ ഏകദിന ലോകകപ്പിന്റെ സെമിഫൈനലിലെ പ്രകടനമാണ് റസാഖിനെ ട്രോള്‍ കഥാപാത്രമാക്കി മാറ്റിയത്. മുനാഫ് പട്ടേലിന്റെ പന്തില്‍ കുറ്റി തെറിച്ചാണ് റസാഖ് അന്ന് പുറത്തായത്. എന്നാല്‍ അതിലും രസകരമായ സംഭവം മുനാഫിന്റെ പന്തിന്റെ വേഗതയായിരുന്നു. വെറും 116 കിലോ മീറ്റര്‍ വേഗതയുള്ള പന്താണ് റസാക്കിന്റെ കുറ്റി തെറുപ്പിച്ചതെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഗ്ലെന്‍ മക്ഗ്രാത്തിനേപ്പോലെയുള്ള ലോകോത്തര ബൗളര്‍മാരെ നേരിട്ട തനിക്ക് ബൂമ്ര വെറും ശിശുവാണെന്നായിരുന്നു ‘ക്രിക്കറ്റ് പാകിസ്ഥാന്’ നല്‍കിയ അഭിമുഖത്തില്‍ റസാഖിന്റെ പരാമര്‍ശം. താന്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന കാലത്തായിരുന്നെങ്കില്‍ ബൂമ്രക്കുമേല്‍ അനായാസം മേധാവിത്വം നേടിയേനെ എന്നും തന്നോട് പന്തെറിയുമ്പോള്‍ സമ്മര്‍ദ്ദം ബൂമ്രക്കു മേല്‍ ആകുമായിരുന്നെന്നും റസാഖ് പറഞ്ഞിരുന്നു.















