വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. ഇംപീച്ച്മെന്റ് നടപടികളുടെ വ്യവസ്ഥകള്‍ തയ്യാറാക്കാന്‍ ജനപ്രതിനിധി സഭയിലെ ജുഡീഷ്യറി കമ്മറ്റിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും നാന്‍സി പെലോസി വ്യക്തമാക്കി. വസ്തുതകള്‍ തര്‍ക്കമില്ലാത്തതാണെന്നും തന്റെ വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ നേട്ടത്തിനായി ട്രംപ് അധികാരം ദുര്‍വിനിയോഗം ചെയ്തതായും നാന്‍സി പെലോസി പറഞ്ഞു.
വിഷമത്തോടെയാണെങ്കിലും ആത്മ വിശ്വാസത്തോടെയും വിനയത്തോടെയും നമ്മുടെ സ്ഥാപകരോടുള്ള കൂറ് ഉയര്‍ത്തി പിടിച്ചും അമേരിക്കയോടുള്ള നിറഞ്ഞ സ്നേഹത്തോടെയും ഇംപീച്ച്മെന്റ് വ്യവസ്ഥകളുമായി മുന്നോട്ട് പോകാന്‍ ട്രംപിനോട് ആവശ്യപ്പെടുകയാണെന്നും നാന്‍സി കൂട്ടിച്ചേര്‍ത്തു.
2020 ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താന്‍ യുക്രൈന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചൊലുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ട്രംപിന്റെ ഇംപീച്ച്മെന്റ് നടപടികള്‍ നടക്കുന്നത്.