ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്കിയ റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭയാണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്.
തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി. സുപ്രീംകോടതിയില്‍ തിങ്കളാഴ്ച ശബരിമല ആചാര സംരക്ഷണ സമിതി തടസ്സ ഹര്‍ജി സമര്‍പ്പിച്ചേക്കും.
ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമ നല്കിയ ഹര്‍ജിക്ക് ഒപ്പം ബിന്ദു അമ്മിണിയുടെ അപേക്ഷയും ഈ ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ബിന്ദു അമ്മിണി നല്കിയ പരാതി പരിഗണിക്കവേ ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അറിയിച്ചിരുന്നു. ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് ബിന്ദു അമ്മിണി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ബിന്ദു അമ്മിണിയുടെ ഹര്‍ജി പരിഗണിക്കുന്നത് അടുത്താഴ്ചയ്ക്ക് മാറ്റുകയായിരുന്നു.