ന്യൂഡല്‍ഹി: കുമരകം അടക്കമുള്ള രാജ്യത്തെ 17 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സവിശേഷ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റാന്‍ പദ്ധതിയുമായി ടൂറിസം വകുപ്പ്. പ്രാദേശിക സമൂഹത്തിന്റെ ഉന്നതി കൂടി ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ധനമന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്ന പദ്ധതി അംഗീകരിക്കപ്പെട്ടാല്‍ ഈ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത സംവിധാനമടക്കമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടും.
തദ്ദേശവാസികള്‍ക്കായി നൈപുണ്യ വികസന പരിശീലനവും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, മികച്ച റോഡുകള്‍, എയര്‍സ്ട്രിപ്പ്, സ്ഥലത്തിന്റെ പ്രചാരണവും ബ്രാന്‍ഡിങും, സ്വകാര്യ നിക്ഷേപം വഴി കൂടുതല്‍ വികസനം എന്നിവയും ഇതില്‍ ഉള്‍പ്പെടും. മലനാട് മലബാര്‍ ക്രൂസ് ടൂറിസം പദ്ധതിയും ടൂറിസം വകുപ്പിന്റെ സ്വദേശ് ദര്‍ശനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ അജന്ത- എല്ലോറ, ഹുമയൂണ്‍ കുടീരം, ചെങ്കോട്ട, കുത്തബ് മിനാര്‍, കോള്‍വ, അമര്‍ കോട്ട, സോമനാഥ്, ധോലാവിര, ഖജുരാഹോ, ഹംപി, മഹാബലിപുരം, കാസിരംഗ, മഹാബോധി ക്ഷേത്രം എന്നിവയാണ് വികസിപ്പിക്കുന്ന മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.