2019 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തി അഭിനന്ദന് വര്‍ധമാനെന്ന് ഗൂഗിള്‍. 2019 ലെ ഇയര്‍ ഇന്‍ സെര്‍ച്ച് ഫലത്തിലാണ് ഗൂഗിള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലതാ മങ്കേഷ്കര്‍, യുവരാജ് സിംഗ്, വിക്കി കൗശല്‍, റാനു മൊണ്ഡാല് എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പേഴ്സണാലിറ്റീസ്, സിനിമകള്‍, പാട്ടുകള്‍, കായിക പരിപാടികള്‍, വാട്ട് ഈസ്, നിയര്‍ മീ, ഹൗറ്റു എന്നീ വിഭാഗങ്ങളിലായാണ് ഉപഭോക്താക്കളുടെ സെര്‍ച്ചുകള്‍ ഗൂഗിള്‍ പട്ടികപ്പെടുത്തിയത്.
ക്രിക്കറ്റ് വേള്‍ഡ് കപ്പിനെ കുറിച്ചാണ് ഈ വര്‍ഷം ഏറ്റവും അധികം ആളുകള്‍ തിരഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പ്, ചന്ദ്രയാന്‍ 2, ആര്‍ട്ടിക്കിള്‍ 370 എന്നിവയും ഇന്ത്യക്കാരുടെ സെര്‍ച്ച് പട്ടികയില്‍ മുന്‍പന്തിയില്‍ നില്ക്കുന്നവയാണ്.
ഹൗറ്റു വിഭാഗത്തില്‍ ഏറ്റവും അധികം ആളുകള്‍ തിരഞ്ഞത് എങ്ങനെ വോട്ട് ചെയ്യാം, ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യേണ്ടത് എങ്ങനെ, വോട്ടര്‍ ലിസ്റ്റ് എങ്ങനെ പരിശോധിക്കാം, നീറ്റ് റിസള്‍ട്ട് പരിശോധിക്കേണ്ടതെങ്ങനെ എന്നിങ്ങനെയുള്ള വിവരങ്ങളാണ്. പബ്ജി ഗെയിം എങ്ങനെ കളിക്കാം, ഫാസ്റ്റാട് ലഭിക്കുന്നതെങ്ങനെ എന്നീ വിവരങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
എന്താണ് ആര്‍ട്ടിക്കിള്‍ 370, എക്സിറ്റ് പോള്‍ എന്താണ് തുടങ്ങിയ വിവരങ്ങളും ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞു. ഹൗഡി മോദി, ബ്ലാക്ക് ഹോള്‍ എന്നിവയെന്താണെന്നും ഇന്ത്യന്‍ ജനത ഗൂഗിളിനോട് ചോദിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ്, ചന്ദ്രയാന്‍ 2, ആര്‍ട്ടിക്കിള്‍ 370 എന്നിവയാണ് തിരഞ്ഞ വാര്‍ത്തകളില്‍ മുന്നില്‍ നില്‍ക്കുന്നത്.
ക്രിക്കറ്റ് വേള്‍ഡ് കപ്പിനെ കൂടാതെ പ്രോ കബഡി ലീഗ്, വിംബിംള്‍ഡണ്‍, കോപ്പ അമേരിക്ക, ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞ കായിക ഇനങ്ങളില്‍ ഉള്‍പ്പെടുന്നത്. കബീര്‍ സിംഗ് ആണ് ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ സിനിമ. അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം, ജോക്കര്‍, ക്യാപ്റ്റന്‍ മാര്‍വല്‍ തുടങ്ങയവയാണ് മറ്റ് ചിത്രങ്ങള്‍.