ന്യൂഡല്‍ഹി: നമാമി ഗംഗ പദ്ധതിയുടെ പുരോഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി ശനിയാഴ്ച്ച ഉത്തര്‍പ്രദേശിലെത്തും. കാണ്‍പൂരില്‍ വെച്ച് നടക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഗംഗ സമിതിയുടെ യോഗത്തിന് അദ്ദേഹം അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാരും ഉത്തര്‍പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.
ചന്ദ്രശേഖര്‍ ആസാദ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ടെക്നോളജി യൂണിവേഴ്സിറ്റിയില്‍ രാവിലെ 10 മണിക്കാണ് യോഗം ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാണ്‍പൂരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി ഗംഗ കൂടുതല്‍ ശുദ്ധിയായെന്നും ഗംഗാ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ച പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.