വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ പുറത്തെടുത്ത ബാറ്റിംഗ് വെടിക്കെട്ടോടെ രോഹിത് സ്വന്തമാക്കിയത് രണ്ട് റെക്കോര്‍ഡുകള്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരമായി രോഹിത് മാറി.
ഇതോടെ 2019ല്‍ മാത്രം 7 സെഞ്ച്വറികളാണ് രോഹിത് സ്വന്തമാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 9 സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (1998) രോഹിത്തിന് മുന്നിലുള്ളത്. 2019ല്‍ ടെസ്റ്റിലെ 3 സെഞ്ച്വറികള്‍ ഉള്‍പ്പെടെ ആകെ 10 സെഞ്ച്വറികള്‍ നേടിയ രോഹിത് തന്നെയാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരം.
വിശാഖപട്ടണത്ത് 159 റണ്‍സ് നേടിയതോടെ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തി. 2013ല്‍ ആരംഭിച്ച സ്ഥിരതയാര്‍ന്ന പ്രകടനം കൂടുതല്‍ മെച്ചപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. 2013ല്‍ 209, 264 (2014), 150 (2015), 171* (2016), 208* (2017), 162 (2018), 159 (2019) എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ പ്രകടനം.















