മുംബൈ: അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ താര ലേലം പൂര്‍ത്തിയായതോടെ നിരവധി താരങ്ങളാണ് പുതിയ ടീമുകളുടെ ഭാഗമാകുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന ഓസ്ട്രേലിയന്‍ ഓപ്പണര്‍ ക്രിസ് ലിന് ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാകും. അടിസ്ഥാനവിലയായ രണ്ട് കോടിക്കാണ് മുംബൈ ലിന്നിനെ സ്വന്തമാക്കിയത്.
മുംബൈ സ്വന്തമാക്കിയതിന് പിന്നാലെ രസകരമായ ട്വീറ്റുമായി ക്രിസ് ലിന് രംഗത്തെത്തിയിരുന്നു. മഹത്തായ നഗരം, മികച്ച ഫ്രാഞ്ചൈസി, ഫ്ളാറ്റ് വിക്കറ്റ്, ബൂമ്രയുടെ ബൗളിങ്ങിനെ നേരിടണ്ട തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലിന് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് മറുപടിയുമായ ബൂമ്ര രംഗത്തെത്തി. ചിരിയോടെ ലിന്നിനെ സ്വാഗതം ചെയ്ത ബൂമ്ര നിങ്ങള്‍ക്ക് എന്ന നെറ്റ്സില്‍ നേരിടേണ്ടി വരുമെന്നാണ് തിരിച്ചടിച്ചത്. ഇതോടെ ലിന്നിന്റെയും ബൂമ്രയുടെയും ട്വീറ്റുകള്‍ വലിയ രീതിയില്‍ പ്രചരിച്ചു.
വിദേശതാരങ്ങളെ പ്രധാന ടീമുകള്‍ സ്വന്തമാക്കുന്ന കാഴ്ചയാണ് താര ലേലത്തില്‍ കണ്ടത്. ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് നിലവില്‍ ഏറ്റവും മൂല്യമുള്ള താരം. 15.5 കോടിക്കാണ് കൊല്‍ക്കത്ത കമ്മിന്‍സിനെ സ്വന്തമാക്കിയത്.ഐപിഎല്ലിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ ഗ്ലെന്‍ മാക്സ്വെല്ലിനെ 10.75 കോടിക്കും ഷെല്‍ഡണ്‍ കോട്രെലിനെ 8.5 കോടിക്കും പഞ്ചാബ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസിനെ 10 കോടിക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയപ്പോള്‍ ഓസ്ട്രേലിയയുടെ നഥാന്‍ നൈലിനെ മുംബൈ ഇന്ത്യന്‍സ് 8 കോടിക്കാണ് സ്വന്തമാക്കിയത്.