കൊല്‍ക്കത്ത: ക്രിസ്തുമസ് ആഘോഷങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ സാന്റാക്ലോസിനെ നേരിട്ട് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് കൊല്‍ക്കത്തയിലുള്ള അഭയ കേന്ദ്രത്തിലെ കുട്ടികള്‍. വെള്ളത്താടിയും ചുവന്ന കുപ്പായവും കൈ നിറയെ സമ്മാനവുമായി വന്ന ക്രിസ്തുമസ് അപ്പൂപ്പന്റെ ശരിക്കുള്ള രൂപമാണ് കുട്ടികളെ അതിലേറെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് കൊച്ചു കൂട്ടുകാര്‍ക്ക് സര്‍പ്രൈസുമായി എത്തിയത്.
അഭയ കേന്ദ്രത്തിലെ കുട്ടികളുടെ ക്രിസ്തുമസ് ആഘോഷ വേളയിലാണ് കോഹ്‌ലി ക്രിസ്തുമസ് അപ്പൂപ്പനായി എത്തിയത്. എന്നാല്‍ കുട്ടികള്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാനായില്ല. ഇടക്ക് ഒന്ന് ലൈറ്റ് ഓഫായതും ക്രിസ്തുമസ് അപ്പൂപ്പനെത്തി. ഏറെ കൗതുകത്തോടെയാണ് ക്രിസ്തുമസ് അപ്പൂപ്പനെ കുട്ടികള്‍ സ്വീകരിച്ചത്. തുടര്‍ന്ന് പാവകള്‍, ചെരുപ്പുകള്‍, കേക്ക്, ബോള്‍ തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് കോഹ്‌ലി ‘അപ്പൂപ്പന്‍’ കുട്ടികള്‍ക്ക് നല്‍കിയത്.
Watch @imVKohli dress up as 🎅 and bring a little Christmas cheer to the kids who cheer our sportspersons on, all year long!
This joyful season, let’s remember to spread the love. pic.twitter.com/VF8ltmDZPm
— Star Sports (@StarSportsIndia) December 20, 2019
കോഹ്‌ലിയെ അറിയാമോ എന്ന് ഒരാള്‍ കുട്ടികളോട് ചോദിക്കുമ്പോള്‍ അറിയാം എന്നായിരുന്നു കുട്ടികളുടെ മറുപടി. അധികം വൈകാതെ തന്നെ താടിയും തൊപ്പിയും മാറ്റി കോഹ്‌ലി കുട്ടികളെ അമ്പരപ്പിച്ചു. അത്ഭുതത്തോടെ കോഹ്‌ലിയെ കണ്ട കുട്ടികള്‍ അദ്ദേഹത്തിനു ചുറ്റും കൂടുന്നതും കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. തിരക്കുപിടിച്ച സമയത്തിനിടയിലും അഭയ കേന്ദ്രത്തിലെത്തിയ കോഹ്‌ലിക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തു വന്നിരിക്കുന്നത്.















