ആനയും പാപ്പാനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. പാപ്പാനും ആനയും തമ്മിലുള്ള സ്‌നേഹത്തിന്റേയും കരുതലിന്റേയും ആഴമാണ് ഈ ചിത്രങ്ങളിലൂടെ വ്യക്തമാക്കുന്നത്. ഫേസ്ബുക്കിലെ ആനപ്രേമികളുടെ ഗ്രൂപ്പിലാണ് മലയാലപ്പുഴ രാജന്‍ എന്ന ആനയും പാപ്പാനായ മണികണ്ഠനുമാണ് ചിത്രത്തിലെ താരങ്ങള്‍.
ആനയും പാപ്പാനും തമ്മിലുള്ള സ്‌നേഹം കഥ പോലെ നമ്മുടെ മനസിലേക്കെത്തിക്കുന്ന ചിത്രങ്ങളാണ് ഇവ. ‘ചിത്രങ്ങള്‍ കഥ പറയും. മലയാലപ്പുഴ രാജന്‍ സാരഥി മണികണ്ഠന്‍’ എന്ന ക്യാപ്ഷനോടെയാണ് ഗോപാലശ്ശേരി ആനപ്രേമി സംഘം ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
ആനയുടെ സമീപം കിടന്ന് ഉറങ്ങുന്ന മണികണ്ഠനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. പാപ്പാന്റെ ഉറക്കത്തിന് കാവല്‍ നില്‍ക്കുന്ന ആനയേയും ചിത്രങ്ങളില്‍ കാണാം. കുറച്ച് നേരം കാവല്‍ നിന്ന ശേഷം പാപ്പാന്റെ അടുത്തേക്ക് ചേര്‍ന്ന് ആനയും കിടന്നു. പാപ്പാന്റെ ഉറക്കത്തിന് ഒരു കോട്ടവും സംഭവിക്കാതെ പാപ്പാന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സുഖമായി മയങ്ങുന്ന രാജന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

















