ന്യൂഡല്‍ഹി: പരിക്കില്‍ നിന്ന് മുക്തനായ പേസ് ബൗളര്‍ ജസ്പ്രീത് ബൂമ്ര ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ശ്രീലങ്കക്കെതിരെ നാളെ ഗുവാഹട്ടിയില്‍ ആരംഭിക്കുന്ന ട്വന്റി20ക്കായി ബൂമ്ര പരിശീലനം ആരംഭിച്ചു. പരിക്കിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന പരമ്പര ബൂമ്രക്ക് നഷ്ടമായിരുന്നു.
ശ്രീലങ്കന്‍ പരമ്പരക്ക് ശേഷം സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. മികച്ച ഫോമിലുള്ള ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഇന്ത്യക്ക് വെല്ലുവിളിയാകാനാണ് സാധ്യത എന്നിരിക്കെ സ്മിത്തിനെ പുറത്താക്കാനുള്ള തന്ത്രത്തെക്കുറിച്ചുള്ള ചോദ്യത്തിനോട് ബൂമ്ര രസകരമായാണ് പ്രതികരിച്ചത്.
‘സ്മിത്തായിരുന്നു എന്റെ ആദ്യ ഏകദിന വിക്കറ്റ്. ഒരു ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ പ്രത്യേക വഴികളില്ല. ആദ്യം പിച്ചിന്റെ സ്വഭാവം മനസിലാക്കണം. അതിനു ശേഷം വേണം തീരുമാനമെടുക്കാന്‍. മികച്ച ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ ബൗള്‍ ചെയ്യുമ്പോള്‍ ക്ഷമ അത്യാവശ്യമാണ്. ബാറ്റ്‌സ്മാന്റെ ക്ഷമ നഷ്ടപ്പെടുമ്പോള്‍ അദ്ദേഹം തെറ്റുകള്‍ വരുത്താന്‍ തുടങ്ങും. ഈ സമയം വരെ കാത്തിരിക്കണം’. ബൂമ്ര പറഞ്ഞു. പരിശീലനത്തിന് ശേഷം ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ബൂമ്ര ഇക്കാര്യം വ്യക്തമാക്കിയത്.















