സംഭവ ബഹുലമായ ഒരു 2019. നവ മാദ്ധ്യമങ്ങൾ വളർത്തിയവരും തളർത്തിയവരും അതിനാൽ വളർന്നവരും ഉൾപ്പെട്ട ഒരു വർഷം. ഒരുപാട് ഉയർച്ചകൾക്കും പതനങ്ങൾക്കും 2019 സാക്ഷി ആയി. നവമാദ്ധ്യമങ്ങളുടെ ഏറ്റവും ആർദ്രമായ മുഖവും അതിന്റെ ഏറ്റവും വൃത്തികെട്ട മുഖവും നമ്മുക്കു മുന്നിൽ മിന്നി മറഞ്ഞു പോയി. ഒന്നുമില്ലായ്മയിൽ നിന്നും നവ മാദ്ധ്യങ്ങൾ വഴി പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയവരും സൈബർ ബുള്ളിയിങ് വഴിയിൽ ജീവിതം തകർന്നവരും നമ്മുക്കു മുന്നിലുണ്ട്.
സോഷ്യൽ മീഡിയ വൈറൽ സംഭവങ്ങളിലൂടെ ഒരു തിരനോട്ടം
- നരേന്ദ്ര മോദി
പോയവർഷം സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട വിഷയം എന്തെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ മറുപടി പറയാനാകും, അത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന്. അന്ധമായ മോദി വിരോധത്താൽ പ്രതിപക്ഷം ഒന്നിനുപിറകെ ഒന്നായി വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നതിനും നിമിഷങ്ങൾക്കുള്ളിൽ അത് തകർന്ന് വീഴുന്നതിനും രാജ്യം സാക്ഷിയായി. തുടർച്ചയായി അധികാരത്തിലെത്തുന്ന ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായതോടെ ട്വിറ്ററിലടക്കം ദിവസങ്ങളോളം നരേന്ദ്ര മോദി ട്രെൻഡിംഗ് ആയിരുന്നു.
- രണു മണ്ഡൽ
മേരി തേരി എന്ന ഗാനത്തിന്റെ ഹമ്മിങ് കേൾക്കുമ്പോൾ ഓർമ വരിക ആ മുഖമാണ്.
റെയിവെ പ്ലാറ്റ്‌ഫോമില്‍ പാട്ടുപാടി ജീവിതം തള്ളി നീക്കിയ രണു മണ്ഡല്‍, ഒരൊറ്റ പാട്ടിലൂടെ ഇന്ന് എത്തി നില്‍ക്കുന്നത് ബോളിവുഡിലാണ്. ലതാമങ്കേഷ്‌ക്കറുടെ ശബ്ദത്തോടുള്ള സാദൃശ്യമാണ് രണുവിനെ ശ്രദ്ധേയയാക്കിയത്. റാണാഘട്ട് റെയില്‍വെ സ്‌റ്റേഷനിലെ പാട്ടുകാരിയായ രണുവിനെ ഹിമേഷിന് പരിചയപ്പെടുത്തുന്നത് യതീന്ദ്ര ചക്രബര്‍ത്തിയാണ്. ഇങ്ങനെ ജൂലൈ 28-ന് ഈ വീഡിയോ വൈറലാകുകയും ചെയ്തു. ലതാമങ്കേഷ്‌ക്കറിന്റെ ശബ്ദത്തോടുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് പലരും ‘ഏക് പ്യാര്‍ കാ നഗ്മാ ഹെയ്’ എന്ന ഗാനം ഷെയര്‍ ചെയ്തത്. എന്നാൽ വൈകാതെ തന്നെ ആരാധകരോട് മോശമായി പെരുമാറി എന്ന നിലയിൽ ഇവർ സോഷ്യൽ മീഡിയയിൽ വീണ്ടുo വിവാദമായി
- ദീപ നിഷാന്ത്
സാമൂഹ്യ മാദ്ധ്യമങ്ങൾ തന്നെ താരമാക്കിയ കേരള വർമ്മ കോളേജിലെ ദീപ ടീച്ചറെ അതെ സാമൂഹ്യ മാദ്ധ്യമങ്ങൾ തന്നെ തള്ളി താഴെ ഇട്ടതും നാം കണ്ടതാണ്. കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചു താരമായി ഉയർന്ന ദീപ ടീച്ചർ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ എസ് കമലേഷ് എന്ന കവി ടീച്ചർ തന്റെ കവിത മോഷ്ടിച്ചു എന്ന് ആരോപിച്ചതോടെ സംഗതികൾ ആകെ കൈവിട്ടു പോയി. സുഹൃത്തിന്റെ കവിത അൽപസ്വല്പം മാറ്റം വരുത്തി പ്രസിദ്ധീകരിച്ച ടീച്ചറിന്റെ ‘ടൈം ‘ആയിരുന്നു പിന്നീടങ്ങോട്ട്
- എം ജെ ശ്രീചിത്രൻ
കേരളവർമ്മ കോളേജിലെ ദീപ ടീച്ചർ ഉൾപ്പെട്ട കവിതാ മോഷണത്തിലെ മുഖ്യ പ്രതിയാണ് എം ജെ ശ്രീചിത്രൻ. സാംസ്‌കാരിക പ്രശ്നങ്ങളിലും മറ്റും ഇടപെട്ട് താരമായി നിന്ന സമയത്താണ്. കവിതാ മോഷണം വിവാദമാകുന്നത്. കവിതാ മോഷണത്തിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും ശ്രീചിത്രനാണ് കവിത തന്ന സുഹൃത്തെന്ന് ടീച്ചർ വെളുപ്പെടുത്തിയില്ല. എന്നാൽ അദ്ദേഹമാകട്ടെ സമർത്ഥമായി മാപ്പ് പറഞ്ഞു സംഭവത്തിൽ നിന്ന് തലയൂരാൻ നോക്കി. ഇതോടെ താൻ ചെയ്ത തെറ്റിന് സമൂഹത്തോടും കമലേഷിനോടും മാപ്പു പറയുന്നെന്നും ടീച്ചർ അറിയിച്ചു.
- നിത ഫാത്തിമ
ഷെഹല ഷെറിൻ എന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ നിന്ന് പാമ്പ് കടിയേറ്റ് മരിച്ചത് ചർച്ചയാകുന്നതിനിടെ സാമൂഹ്യമാദ്ധ്യമത്തിൽ കൂടി ശ്രദ്ധയയായതാണ് നിത ഫാത്തിമ എന്ന ഏഴാം ക്ലാസ്സുകാരി. ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപരുടെ അനാസ്ഥയെ കുറിച്ച് സമൂഹത്തോട് ആർജവത്തോടെ വിളിച്ചു പറയാൻ ധൈര്യം കാണിച്ച മിടുമിടുക്കി
- ഫുൾജാർ സോഡ
കേരളത്തിന് അകത്തും പുറത്തും തരംഗം സൃഷ്‌ടിച്ച ഒന്നായിരുന്നു ഫുൾ ജാർ സോഡ. ഫുൾ ജാറിനെ സ്റ്റാർ ആക്കിയതാവട്ടെ സാമൂഹ്യ മാദ്ധ്യമങ്ങളും. സിനിമാ താരങ്ങൾ പോലും ഫുൾ ജാർ സോഡാ കുടിക്കുന്ന ചിത്രങ്ങളും വിഡിയോകളും ഇൻസ്റ്റഗ്രാമിലൂടെയും ഫേസ് ബുക്കിലൂടെയും പങ്കുവച്ചത് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു
- സയനൈഡ് ജോളി
2019 ൽ കേരളത്തെ ഞെട്ടിച്ച ഒരു പ്രയോഗമാണ് സയനൈഡ്. ഒപ്പം ജോളി എന്ന പേരും. കൂടത്തായിയിലെ ഒരു വീട്ടിലെ ആറു പേരെ കൊലപ്പെടുത്താൻ സയനൈഡ് ഉപോയോഗിച്ച ജോളി സാമൂഹ്യ മാദ്ധ്യമങ്ങളിലെ കുപ്രസിദ്ധ നായികയായി വിലസുകയാണ്. ജോളിയേയും സയനൈഡും വച്ചുകൊണ്ട് നിരവധി ട്രോളുകളാണ് ഇറങ്ങുന്നത്. 2019 ലെ സോഷ്യൽ മീഡിയയുടെ കുപ്രസിദ്ധ താരത്തിനുള്ള അവാർഡ് പ്രഖ്യാപിക്കുകയാണെങ്കിൽ ഒരു പക്ഷെ അതിനുഉള്ള സാധ്യത ജോളിക്ക് തന്നെയായിരിക്കും
- ചുഞ്ചു നായർ
ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനിൽ ഒരു പൂച്ചയുടെ മരണ വാർഷിക പരസ്യം വന്നു. ഇതിൽ ഏറ്റവും വിചിത്രം പൂച്ചയുടെ പേര് തന്നെ ആയിരുന്നു. ചുഞ്ചു നായർ. ‘മോളൂട്ടി നിന്റെ വേർപാട് ഞങ്ങളെ ഒരുപാട് വേദനിപ്പിക്കുന്നു’ എന്നായിരുന്നു പരസ്യ വാചകം. പൂച്ചയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ച് അമ്മ അച്ഛൻ ചേച്ചിമാർ ചേട്ടന്മാർ എന്നിങ്ങനെ അടിയിൽ പേരും ചേർത്തിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ പിന്നെ ചുഞ്ചു തരംഗമായി മാറുകയായിരുന്നു.
- കല്ലട
അന്തർ സംസ്ഥാന ബസ് സർവീസുകൾ നടത്തുന്ന കല്ലടയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ബിടെക് വിദ്യാർത്ഥികളെ ബസിലെ ജീവനക്കാർ മർദിച്ചതോടെ ബസിനെതിരെ നിരവധി ആരോപണങ്ങൾ രംഗത്ത് വന്നു. നവംബർ 28ന് കോട്ടക്കലിന് സമീപത്തു വെച്ച് കല്ലട ബസിൽ യാത്രക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതാണ് ഏറ്റവും ഒടുവിൽ വന്ന പരാതി. എന്നാൽ കല്ലടയ്‌ക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങൾ ബോധപൂർവ്വമാണെന്ന ആരോപണവും ഉയർന്നിരുന്നു.
- നൗഷാദിക്ക
നൗഷാദിക്ക എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടരും. ഖൽബിൽ നിറയെ മുഹബത് കൊണ്ടുനടക്കുന്ന ആ നന്മയുള്ള മനുഷ്യനെ സമൂഹത്തിന് കാണിച്ചു കൊടുത്തത് സാമൂഹ്യ മാദ്ധ്യമങ്ങളാണ്. കഴിഞ്ഞ പ്രളയകാലത്ത് വിൽപ്പനയ്‌ക്ക് വച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും ദുരിത ബാധിതർക്ക് നൽകിയ കൊച്ചി ബ്രോഡ് വേ യിലെ വ്യാപാരി നൗഷാധിക്കയെ ആരും എളുപ്പം മറക്കില്ല. തന്റെ കടയിൽ മുഴുവൻ വസ്ത്രങ്ങളും പ്രളയബാധിതർക്കായി നൽകി സമൂഹത്തിന് തന്നെ മാതൃകയായ നൗഷാദിക്കയെ സാമൂഹ്യ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
- സേവനത്തിനായി ജീവൻ നൽകിയവൻ -ലിനു
കോഴിക്കോട് ചെറുവണ്ണൂരിൽ പ്രളയ രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവർത്തകൻ ലിനുവിന്റെ മരണം സോഷ്യൽ മീഡിയയിൽ കൂടി അറിഞ്ഞു നിരവധി പ്രമുഖർ ലിനുവിന്റെ കുടുംബത്തിന് സഹായങ്ങൾ വാഗ്ദാനം ചെയ്തു. സേവാഭാരതിക്കും, ചെറുവണ്ണൂരിലെ കുടുംബങ്ങൾക്കും കണ്ണീരിൽ കുതിർന്ന ഓർമ്മയാണ് ലിനു.
- ആനവണ്ടിയെ യെ മുട്ട് കുത്തിച്ച സ്‌കൂട്ടിക്ക് പിന്നിലെ കഥ.
വൈറലിൽ മുഴുവൻ വസ്തുതയില്ല എന്നതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു അത്. സമൂഹമാദ്ധ്യമങ്ങളിൽ ഒരു കെഎസ്ആർടിസി ബസിന് മുന്നിൽ സ്കൂട്ടറുമായി പതറാതെ നിൽക്കുന്ന പെൺകുട്ടിക്ക് കിട്ടിയത് തലോടലുകളായിരുന്നു. പെരുമ്പാവൂർ കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത് തിരക്കേറിയ റോഡിൽ ആണ് സംഭവം അരങ്ങേറിയത്. ലോകം കണ്ടത് സംഭവത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും ഒരിക്കലും കെഎസ്ആർടിസിയെ പാഠം പഠിപ്പിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും സത്യത്തിൽ താൻ പെട്ടുപോയതാണെന്നും വൈറൽ നായിക പെരുമ്പാവൂർ സ്വദേശിനി സൂര്യ തന്നെ പിന്നീട് വെളിപ്പെടുത്തി.
ടൗണിലെ സ്റ്റുഡിയോയിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന സൂര്യ പെട്ടെന്ന് റോങ് സൈഡിൽ വന്ന കെഎസ്ആർടിസിയുടെ മുന്നിൽ പെടുകയായിരുന്നു.
- നന്ദു മഹാദേവ
അതിശയിപ്പിക്കുന്ന മനക്കരുത്തോടെ പുഞ്ചിരിയോടെ കാൻസർ എന്ന മാരക രോഗത്തിനോട് പൊരുതിക്കൊണ്ടിരിക്കുന്ന നന്ദു മഹാ ദേവ സോഷ്യൽ മീഡിയയിലെ നിറഞ്ഞ സാന്നിധ്യം തന്നെയാണ്. വന്ന ക്യാൻസറിനെ സ്വന്തം കാല് കൊടുത്തു തിരിച്ചയച്ചവനാണ് നമ്മുടെ സ്വന്തം നന്ദു… എന്നിട്ടും തന്നെ പോലുള്ളവർക്ക് വേണ്ടി ആത്മ വിശ്വാസത്തിന്റെ ഒരു വറ്റാത്ത ഉറവ ആയി തന്നെ തന്റെ ചികിത്സയുടെ ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന നന്ദുവിന്റെ മനക്കരുത്തു ഒരു അത്ഭുതം തന്നെയാണ്.
- തുളസിക്കതിർ നുള്ളിയെടുത്ത് കണ്ണൻ ഒരു മാലയ്‌ക്കായി
ഒരു ഭജന സംഘത്തിന്റെ ഏറ്റവും പിന്നിലിരുന്ന്, ഭക്തിയിൽ നിറഞ്ഞ്, കണ്ണുകളടച്ച് പാട്ടു പാടുന്ന ആ പെൺകുട്ടി കല്യാണി. കണ്ണാ.. എന്ന് വിളിക്കുമ്പോഴുള്ള അവളുടെ ഭാവവും സ്വരവും സാമൂഹ്യമാദ്ധ്യമത്തിൽ ചർച്ചയാണ്. ‘ഗുരുവായൂരൊന്നും പോയി ഇങ്ങനെ പാടല്ലേ കുട്ടി. കണ്ണൻ കൂടെ ഇങ്ങ് ഇറങ്ങി പോരും ‘എന്ന അടിക്കുറിപ്പോടെ കുറച്ചു നാളുകളായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ കല്യാണി പാട്ടു പാടുന്ന വീഡിയോ പ്രചരിക്കുന്നു
- ജന മനസുകളിൽ ഉറിയടിച് കടന്നു കയറിയ കള്ള കൃഷ്ണൻ
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ ഗുരുവായൂരിൽ ഉറിയടിച്ച ഒറ്റ വീഡിയോയിലൂടെ സോഷ്യൽ മീഡിയയിലെ താരമായിരുന്നു വൈഷ്ണവ. ഈ വീഡിയോ ടിക് ടോക്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എനീ സോഷ്യൽ മീഡിയകളിൽ തീർത്ത റീച്ച് കുറച്ചൊന്നുമല്ല. ഡാൻസ് ടീച്ചർ ആയ സുനിലിന്റെ മകൾ ആണ് വൈഷ്ണവ.















