ന്യൂഡല്‍ഹി: പ്ലാസ്റ്റിക്കെന്ന ലോകഭീകരനെ ഒരു ദയയും കൂടാതെ ചവിട്ടിനടക്കണമെന്ന് സലൂജയെന്ന സാധാരണക്കാരന്‍ പറഞ്ഞത് പലരും കാര്യമായെടുത്തില്ല. എന്നാല്‍ പാരസ് സലൂജ അങ്ങനെതന്നെ പ്രവര്‍ത്തിച്ചു കാണിച്ചിരിക്കുകയാണ്. ഒരു വിയറ്റ്‌നാം യാത്രയാണ് പാരസില്‍ പ്ലാസ്റ്റിക്കിനോടുള്ള അതിമോഹം വളര്‍ത്തിയത്. ധാരാളം പ്ലാസ്റ്റിക് ഉപയോഗിക്കുന്ന വിയറ്റ്‌നാം ജനതയുടെ രീതികണ്ട പാരസ് സലൂജ ഞെട്ടി.
‘വിയറ്റ് നാമിലെ തെരുവിലെ ചന്തയില്‍ നിറയെ പ്ലാസ്റ്റിക് കണ്ടു. നമ്മുടെ നാട്ടിലെ ഏതു ചന്തപോലെ തന്നെ. എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തിയ കാര്യം ആ മാര്‍ക്കറ്റിന് പുറത്ത് ഒരു ചെറിയ കഷ്ണം പ്ലാസ്റ്റിക് പോലും കണ്ടെത്താനായില്ല എന്നതാണ്. റോഡുകള്‍ എല്ലാം പ്ലാസ്റ്റിക് വിമുക്തം. ഇത്രക്കും ദരിദ്രമായ വിയറ്റ്‌നാം ജനത പ്ലാസ്റ്റിക്കിനോട് കാണിക്കുന്ന ശ്രദ്ധ തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് പാരസ് പറഞ്ഞു. അവര്‍ പ്ലാസ്റ്റിക്കിനെ പുനര്‍നിര്‍മ്മിച്ച് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് പിന്നീട് മനസ്സിലായത്. അത് പ്രധാനമായും പുനരുപയോഗമാണ് എന്ന സുപ്രധാന കാര്യമായിരുന്നു.’ സലൂജ പറഞ്ഞു

ഏറ്റവും ഉപകാരപ്രദമായി തോന്നിയ രണ്ടുകാര്യം താന്‍ പിന്തുടരണമെന്ന തോന്നലുണ്ടായി. അതിലൊന്ന് പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കാനുള്ള സംവിധാനമാണ്. അതിനായുള്ള കുപ്പത്തൊട്ടികളെല്ലാം കട്ടിയുള്ള പ്ലാസ്റ്റിക്കിലുണ്ടാക്കാം എന്നതാണ്. എന്നാല്‍ ഏറെ സാധ്യതയുള്ളത് ചവിട്ടി നടക്കാനുപയോഗിക്കുന്ന ഇന്റര്‍ലോക് ടയലുകളാണെന്ന നൂതനമായ കണ്ടെത്തലാണ് ഇന്ത്യയില്‍ വിപ്ലവമാകുന്നത്. ഭാരക്കുറവും എളുപ്പത്തില്‍ എത്തിക്കാന്‍ സാധിക്കുന്നതുമായ ടൈലുകള്‍ പൊതുഇടങ്ങള്‍, ഉദ്യാനങ്ങള്‍, വീട്ടുമുറ്റങ്ങള്‍ തുടങ്ങി എല്ലായിടത്തും പാകാമെന്ന് സലൂജ തെളിയിച്ചിരിക്കുകയാണ്.
ഒരു ദിവസം 30,000 ടണ്‍ പ്ലാസ്റ്റിക് ഇന്ത്യയില്‍ പാഴ്‌വസ്തുവായി മാറുന്നു എന്നാണ് കണക്ക്. സലൂജ പുതിയ സംരംഭത്തിലൂടെ ഒരു ദിവസം 340 ടണ്‍ പ്ലാസ്റ്റിക്കിനെ ടൈല്‍സുകളാക്കി മാറ്റുകയാണ്.















