Life

നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ നയിക്കുമ്പോള്‍ ആണ് ഓരോ മനുഷ്യനും വജ്രങ്ങള്‍ ആകുന്നത്; ജീവന്‍ കവര്‍ന്നെടുക്കാനെത്തിയ ക്യാന്‍സറിനെ ആത്മവിശ്വാസത്തോടെ നേരിട്ട നന്ദു എഴുതിയ കുറിപ്പ്

ചെറിയ പ്രശ്‌നങ്ങള്‍ പോലും നേരിടാന്‍ കഴിയാതെ ജീവിതം അവസാനിപ്പിക്കുന്നവരാണ് പുതുതലമുറയില്‍പ്പെട്ട പലരും. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള കഴിവ് പലര്‍ക്കുമിന്നില്ല. ചെറിയ പ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും ആത്മഹത്യയെ കുറിച്ചാണ് യുവതലമുറ ചിന്തിക്കുന്നത്. ഒരു അസുഖം വന്നാലോ പ്രണയം തകര്‍ന്നാലോ ജീവിതം തന്നെ വേണ്ടായെന്ന് വെയ്ക്കുന്നരാണ് സമൂഹത്തില്‍ ഇന്നുള്ളത്. എന്നാല്‍ അത്തരക്കാര്‍ക്കുള്ള മാതൃകയാണ് നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്‍.

ക്യാന്‍സര്‍ രോഗം മൂലം കഷ്ടിച്ചു ഇനി രണ്ടു ദിവസം കൂടിയേ ജീവിച്ചിരിക്കുകയുള്ളു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവാവാണ് നന്ദു. അമൃത, ആസ്റ്റര്‍, ലേക്ക്‌ഷോര്‍, അനന്തപുരി, കിംസ് തുടങ്ങിയ എല്ലാ ഹോസ്പിറ്റലുകളും അത് തന്നെയായിരുന്നു പറഞ്ഞിരുന്നത്. ജീവിതം അവസാനിക്കും എന്ന് എല്ലാവരും പറഞ്ഞിട്ടും നന്ദുവിന്റെ മുഖത്ത് പുഞ്ചിരി തന്നെയായിരുന്നു. മുന്നോട്ട് ജീവിക്കാന്‍ കഴിയുമോ അതോ ജീവിതം അവിടെ വച്ചു തീരുമോ എന്നതിനെപറ്റിയുള്ള ആശങ്ക ഒരു ശതമാനം പോലും ഇല്ലാ എന്നതായിരുന്നു ആ പുഞ്ചിരിയ്ക്ക് കാരണം.

അടുത്ത നിമിഷം മരണപ്പെട്ടാലും ഏറ്റവും സന്തുഷ്ടനായ മനുഷ്യനാണ് താനെന്ന് വിശ്വസിച്ച വ്യക്തയായിരുന്നു നന്ദു. ഓരോ നിമിഷവും ഓരോ ശ്വാസത്തിലും ഉള്ളില്‍ നിറയുന്ന സന്തോഷം നന്ദു അനുഭവിച്ചറിയുന്നു. അന്ന് ഡോക്ടര്‍ രണ്ടു ദിവസം കഷ്ടിച്ചു താണ്ടും എന്നു പറഞ്ഞ നന്ദു ഇന്ന് അതേ ശരീരത്തില്‍ രണ്ട് മാസം പിന്നിട്ടിരിക്കുകയാണ്. രണ്ടു ദിവസം ആയുസ്സില്ലെന്നു പറഞ്ഞ ശരീരത്തില്‍ രണ്ട് ഹൈ ഡോസ് കീമോ കൂടി എടുത്തിട്ടും നന്ദു സ്ട്രോംഗ് ആയി തന്നെ നില്‍ക്കുന്നു.

ആത്മവിശ്വാസം അസുഖത്തെ ഭേദമാക്കും എന്നൊരിക്കലും നന്ദു അവകാശപ്പെടുന്നില്ല. പക്ഷേ തിളങ്ങുന്ന ആത്മവിശ്വാസം നിങ്ങളുടെ ജീവിതത്തിന്റെ മനോഹാരിത കൂട്ടുമെന്ന് നന്ദു ഉറപ്പ് നല്‍കുന്നുണ്ട്. ക്യാന്‍സര്‍ ആണെന്നറിഞ്ഞതിന് ശേഷമുള്ള ഈ കഴിഞ്ഞ 2 വര്‍ഷം വേണമെങ്കില്‍ നന്ദുവിന് വിധിയെ പഴിച്ചു കൊണ്ട് സമൂഹത്തില്‍ നിന്നും ഉള്‍വലിയാമായിരുന്നു. സ്വയം അപകര്‍ഷതാ ബോധത്തിലും സങ്കടത്തിലും നരകിച്ച് ദൈവത്തിനെ പ്രാകി ഇഞ്ചിഞ്ചായി വിധിയുടെ വറുതീയില്‍ എരിഞ്ഞമരാമായിരുന്നു. വീട്ടുകാരെയും കൂട്ടുകാരെയും സങ്കടക്കടലില്‍ മുക്കി ഓരോ നിമിഷവും കരഞ്ഞു തീര്‍ക്കാമായിരുന്നു. എന്തിനേറെ പറയുന്നു സുനാമിയേക്കാള്‍ ശക്തമായി വന്ന പ്രതിസന്ധികളുടെ തിരമാലകളില്‍ മനസ്സു തകര്‍ന്നു ആത്മഹത്യ ചെയ്യാമായിരുന്നു. പക്ഷേ കയ്യിലുള്ള അമൂല്യമായ വജ്രമാണ് ജീവിതം എന്ന തിരിച്ചറിവും ചുറ്റും പ്രകാശം പരത്താനുള്ള മനസ്സും ഉണ്ടെങ്കില്‍ ജീവിതം ഏതവസ്ഥയിലും സ്വര്‍ഗ്ഗ തുല്യമാക്കാം എന്ന തിരിച്ചറിവ് നന്ദുവിന്റെ ജീവിതത്തെ സന്തോഷത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.

നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ നയിക്കുമ്പോള്‍ ആണ് ഓരോ മനുഷ്യനും വജ്രങ്ങള്‍ ആകുന്നത്. ഏത് വേദനയേയും എത്ര വലിയ തടസ്സങ്ങളേയും പുഞ്ചിരിയോടെ നേരിടാന്‍ അത് നന്ദുവിനെ പഠിപ്പിച്ചു.

ശത്രു നമ്മുടെ ദൗര്‍ബല്യങ്ങളില്‍ വീണ്ടും വീണ്ടും അടിച്ചു നമ്മളെ തകര്‍ക്കുമ്പോള്‍ നമ്മള്‍ ശത്രുവിന്റെ ബലം എന്താണോ ആ ബലത്തില്‍ പ്രഹരിച്ചു വേണം ധീരതയോടെ വിജയിക്കാന്‍. കിതക്കും വരെ ഓടണം. കിതപ്പ് തീരുമ്പോള്‍ വീണ്ടും ഓടണം. വിജയം കീഴടക്കണം. ഇതാണ് നന്ദു പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന സന്ദേശം. നമ്മളൊക്കെ ആസ്വദിച്ചു ജീവിക്കാന്‍ മറന്നു പോകുകയാണ്. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് ഓടുകയാണ് നാം. രാവിലെ ഉണരുമ്പോള്‍ ബെഡില്‍ നിന്ന് എഴുന്നേറ്റ ശേഷം ഒന്നു ദീര്‍ഘ നിശ്വാസം എടുത്ത് മനസ്സിനുള്ളില്‍ നിറയെ സന്തോഷം നിറച്ച് സന്തോഷത്തോടെ ഒരു ദിവസം കൂടി നമുക്ക് തന്ന സര്‍വ്വേശ്വരനോട് നന്ദി പറഞ്ഞു കൊണ്ട് ഒരു ദിവസം ആരംഭിച്ചു നോക്കാന്‍ നന്ദു പുതുതലമുറയോട് ആവശ്യപ്പെടുന്നു.

തീരെ ചെറിയ കാര്യങ്ങളില്‍ വലിയ സന്തോഷം കണ്ടെത്തി തുടങ്ങുന്നത് മുതല്‍ നമ്മളൊരു പുതിയ മനുഷ്യനായി മാറാന്‍ തുടങ്ങും. മുഖത്ത് ഓജസ്സും കണ്ണുകളില്‍ തിളക്കവും വന്നു തുടങ്ങും. നമ്മളെ കാണുമ്പോള്‍ തന്നെ മറ്റുള്ളവര്‍ക്ക് സന്തോഷം കിട്ടുന്ന തരത്തിലേക്ക് നമുക്ക് നമ്മളെ മാറ്റിയെടുക്കാന്‍ കഴിയും. ജീവിതം സന്തോഷമാക്കാനുള്ള ഫോര്‍മുല ഇത്ര മാത്രമാണെന്ന് നന്ദു പറയുന്നു.

ഓരോ നിമിഷവും സുന്ദരമാക്കുക. അങ്ങനെ ഓരോ മിനിട്ടും ഓരോ മണിക്കൂറും ഓരോ ദിവസവും നമുക്ക് മനോഹരമാക്കാം. അങ്ങനെയുള്ള ശുഭാപ്തി വിശ്വാസത്തോടെ തിളങ്ങുന്ന ഒരു മനുഷ്യന്റെ ജീവിതവും പരിപൂര്‍ണ്ണ വിജയമായിരിക്കും.

കഷ്ടിച്ചു ഇനി രണ്ടു ദിവസം കൂടിയേ ഞാൻ ജീവിച്ചിരിക്കുള്ളൂ..!!അമൃത , ആസ്റ്റർ , ലേക്ക്ഷോർ , അനന്തപുരി , കിംസ് തുടങ്ങിയ…

Gepostet von Nandu Mahadeva am Samstag, 11. Januar 2020

610 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close