കൊച്ചി: കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുവെന്ന് സിറോ മലബാര്‍ സഭ സിനഡ്. കേരളത്തിലെ മതസൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ലൗ ജിഹാദ് കേരളത്തില്‍ വളര്‍ന്നു വരുന്നത് ആശങ്കാജനകമാണെന്നും സിനഡ് വിലയിരുത്തി.
”കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നു എന്നത് വസ്തുതയാണ്. കേരളത്തില്‍ നിന്ന് ഐ.എസ്. ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്ന് കേരള പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളില്‍ പകുതിയോളം പേര് ക്രിസ്ത്യന്‍ വിശ്വാസത്തില്‍നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.”
”ഔദ്യോഗിക കണക്കുകളില്‍ പെടാത്ത അനേകം പെണ്‍കുട്ടികള്‍ ഇപ്രകാരം ലൗ ജിഹാദിലൂടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു. ലൗ ജിഹാദ് എന്നത് സാങ്കല്പികമല്ല എന്നതിന് ഈ കണക്കുകള്‍ തന്നെ സാക്ഷ്യം നല്‍കുന്നുണ്ട്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കുകയും പീഡനദൃശ്യങ്ങളുപയോഗിച്ച് മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കുകയും ചെയ്യുന്നതായ പരാതികള്‍ കേരളത്തില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഈ പരാതികളിലൊന്നും പോലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ല എന്നതും ദുഖകരമാണ്.”
”മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. ഈ വിഷയത്തെ മതപരമായി മനസ്സിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നക്രമസമാധാന പ്രശ്നമായി മനസ്സിലാക്കി നിയമപാലകര്‍ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവല്‍ക്കരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നും സിനഡ് വിലയിരുത്തി.”
ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളിലും സീറോ മലബാര്‍ സിനഡ് ആശങ്ക രേഖപ്പെടുത്തി. ക്രിസ്തുമസ് നാളില്‍ നൈജീരിയായില്‍ നടന്ന ക്രിസ്ത്യന്‍ കൂട്ടക്കുരുതി മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതാണെന്നും സിനഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.