ജയ്പൂര്‍: ഗുജറാത്തിന് പിന്നാലെ രാജസ്ഥാനിലും വെട്ടുകിളി ശല്യം രൂക്ഷമാകുന്നു. രാജസ്ഥാനിലെ 11 ജില്ലകളില്‍ വെട്ടുകിളി ശല്യം മൂലം കനത്ത കൃഷിനാശമാണുണ്ടായിരിക്കുന്നത്. പാകിസ്താനില്‍ നിന്നാണ് വെട്ടുകിളികള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് എത്തുന്നത്. പാകിസ്താന് അതിര്‍ത്തിയോട് ചേര്‍ന്ന ജില്ലകളിലെ മൂന്നേമുക്കാല്‍ ഹെക്ടര്‍ സ്ഥലത്താണ് വന്‍ തോതില്‍ കൃഷിനാശം ഉണ്ടായിരിക്കുന്നത്. കാല് നൂറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത വെട്ടുകിളി ശല്യമാണ് ഇത്തവണത്തേത്.
മെയ് മാസം മുതലാണ് കൂട്ടത്തോടെയുള്ള വെട്ടുകിളി ആക്രമണം ശ്രദ്ധയില്‍പ്പെടുന്നത്. ഇന്ത്യയില്‍ സാധാരണഗതിയില്‍ ഒക്ടോബര്‍ അവസാനത്തോടെ വെട്ടുകിളി ആക്രമണം കുറയേണ്ടതാണ്. എന്നാല്‍ ഈ വര്‍ഷം അതുണ്ടായില്ല. കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് വെട്ടുകിളി ശല്യം.
ജയ്സാല്‍മര്‍, ബാഡ്മേര്‍, ബിക്കാനേര്‍, ശ്രീഗംഗാ നഗര്‍, ജലോര്‍ ഹനുമാന് ഗഡ്, നഗോര്‍, ചുരു, പാലി, സിരോലി, ദുംഗാര്‍പൂര്‍ ജില്ലകളിലാണ് വെട്ടുകിളി ശല്യം ഏറ്റവും അധികം നാശം വിതച്ചത്. ഗുജറാത്തിലെ വയലുകളിലും വെട്ടുകിളി ശല്യം രൂക്ഷമാണ്.