തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ദേശീയ പതാകയോട് അനാദരവ് കാണിച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കര പോലീസ് സ്വമേധയാ കേസെടുത്തു. നെയ്യാറ്റിന്‍കര എസ് ഐ സെന്തില്‍ കുമാറാണ് സംഘാടകര്‍ക്കെതിരെ കേസ്സെടുത്തത്. ജനം ടിവി വാര്‍ത്തയെ തുടര്‍ന്നാണ് പോലീസ് നടപടി.
മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ പരിപാടിയിലാണ് ദേശീയ പതാകയോട് അനാദരവ് കാണിച്ചത്. പ്രതിഷേധ പരിപാടിയ്ക്കായി വിവിധ സ്ഥലങ്ങളിലെ ആളുകളെ എത്തിച്ച വാഹനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ക്ക് സമാനമായി കെട്ടിയാണ് ദേശീയ പതാകയെ അപമാനിച്ചത്. പാളയം ഇമാം വി.പി. സുഹൈബ് മൗലവിയടക്കമുള്ളവര്‍ പങ്കെടുത്ത നെയ്യാറ്റിന്‍കര താലൂക്ക് സംയുക്ത മുസ്ലീം ജമാ അത്ത് മഹല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി നടത്തിയ പ്രതിഷേധ റാലിയിലും പൊതുസമ്മേളനത്തിലുമാണ് ദേശീയപതാക നിയമം ലംഘിച്ചതായി കണ്ടെത്തിയത്.
പല വാഹനങ്ങളിലും ദേശീയ പതാകയെ തലതിരിച്ചാണ് കെട്ടിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ദേശീയ പതാകയെ അവഗണിച്ച് കൊണ്ട് ദേശീയപാതയിലൂടെ വാഹനങ്ങള്‍ ചീറി പാഞ്ഞത് അധികൃതരുടെ മുന്നിലൂടെയാണ്. ദേശീയ പതാക മാനദണ്ഡമനുസരിച്ച് അനാവശ്യമായി പതാക ഉയര്‍ത്തുന്നതും വാഹനങ്ങളില്‍ കെട്ടുന്നതും തെറ്റാണ്.