മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണ്ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണിന് നാളെ തുടക്കം. നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും വനിതകളില്‍ ജപ്പാന്റെ നഓമി ഒസാക്കയുമാണ് ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ തവണത്തെ റണ്ണറപ്പ് റാഫേല്‍ നദാലും ഫെഡററും മെദ്‌വെദേവും കിരീടത്തിനായി പൊരുതും. വനിതകളില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ ആഷ്‌ലീ ബാര്‍ടിയും സറീനയും നാളെമുതല്‍ പോരാട്ടത്തിനിറങ്ങുകയാണ്.

പുരുഷന്മാരില്‍ ജര്‍മ്മനിയുടെ ജാന്‍ സ്ട്രഫാണ് ജോക്കോവിച്ചിന്റെ എതിരാളി. ടോപ് സീഡായ നദാല്‍ 20 ഗ്രാന്‍സ്ലാം എന്ന ഫെഡററുടെ നേട്ടത്തിന് തൊട്ടുപുറകിലാണുള്ളത്. ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ യോഗ്യത നേടിയെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
അഡ്‌ലയ്ഡില്‍ ഡബ്ലിയൂടിഏ കിരീടം നേടിയാണ് വനിതകളില്‍ ബാര്‍ടിയുടെ വരവ്. സെറീന വില്യംസും ഓക്‌ലാന്റില്‍ കിരീടം നേടിയ ശേഷമാണ് ടൂർണമെൻ്റിന് എത്തുന്നത്. 24-ാം ഗ്രാന്‍സ്ലാം കിരീടമെന്ന റെക്കോഡ് നേട്ടത്തിനൊപ്പമെത്തലാണ് സെറീനയുടെ ലക്ഷ്യം.
കഴിഞ്ഞ വിംബിള്‍ഡണില്‍ എല്ലാവരേയും ആകര്‍ഷിച്ച 15കാരി കോകോ ഗൗഫ് ആദ്യ റൗണ്ടില്‍ത്തന്നെ വീനസ് വില്യംസിനെ നേരിടുകയാണ്. വനിതകളില്‍ സാനിയ മിര്‍സയുടെ ഇന്നലത്തെ ഡബ്ലിയൂടിഏ കിരീടനേട്ടം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു.















