തിരുവനന്തപുരം: ഈ മാസം ഇരുപത്തി ഒന്‍പതിന് നിയമസഭാ സമ്മേളനം ചേരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രതിപക്ഷത്തിന്റെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് ഒരു ദിവസം മുന്നേ സഭ ചേരുന്നത്. ഫെബ്രുവരി ഏഴിനാണ് ബജറ്റ് അവതരിപ്പിക്കുക. അതേസമയം സര്‍ക്കാര്‍ തയ്യാറാക്കുന്ന നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ പ്രതികരണം നിര്‍ണ്ണായകമാകും.
പൗരത്വഭേദഗതി നിയമം, വാര്‍ഡ് വിഭജനം തുടങ്ങി വിവിധ വിഷയങ്ങളില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ചേരുന്നത്. പൗരത്വ വിഷയത്തില്‍ കോടതിയെ സമീപിച്ചതടക്കമുള്ള സര്‍ക്കാര്‍ നിലപാട് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
പൗരത്വ ഭേദഗതി വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ വിശദീകരിക്കുന്നത് കൂടിയാകും നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍. നിയമത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത് അടക്കമുള്ള കാര്യങ്ങള്‍ നയ പ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.അതേസമയം ഗവര്‍ണറുടെ നിലപാട് നിയമസഭ സമ്മേളനത്തെ ബാധിക്കില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു. ഗവര്‍ണര്‍ ബാധ്യത നിറവേറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ സര്‍ക്കാര്‍ നല്കുന്ന നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിക്കുമോ എന്നതാണ് സര്‍ക്കാരിനെ കുഴപ്പിക്കുന്നത്. തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ രംഗത്തുവന്ന ഗവര്‍ണ്ണര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. രാജ്ഭവനിലേക്ക് അയക്കുന്ന നയപ്രഖ്യാപനപ്രസംഗം തിരിച്ചയക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഗവര്‍ണറും സര്‍ക്കാരും തര്‍ക്കം മുറുകുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ഈ മാസം 29ന് ആരംഭിക്കുന്നത്.