ദുബായ്: ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 928 പോയിന്റുമായി കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ തൊട്ടുപിന്നിലുള്ള സ്റ്റീവ് സ്മിത്തിന് കോഹ്‌ലിയേക്കാള്‍ 17 പോയിന്റ് കുറവാണ്.
ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയുമാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. പൂജാര ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രഹാനെ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം റാങ്കിലെത്തി.
ബൗളര്‍മാരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. 794 പോയിന്റുമായി പേസര്‍ ജസ്പ്രീത് ബൂമ്ര ആറാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ രവിചന്ദ്രന്‍ അശ്വിനും മുഹമ്മദ് ഷമിയും ആദ്യ പത്തില്‍ ഇടം പിടിച്ചു. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനം സ്വന്തമാക്കി.















